സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; നഷ്ടം കുറഞ്ഞു; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ

കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് വന്നിരുന്നു

സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; നഷ്ടം കുറഞ്ഞു; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ
dot image

യുഎസ് ഇറാൻ സമാധാന കരാർ നിലവിൽവന്നതിന് പിന്നാലെ എണ്ണകമ്പനികൾക്കും ആശ്വാസം. ക്രൂഡ് ഓയിലിന് വില കൂടിയപ്പോൾ എണ്ണ കമ്പനികൾ സഹിക്കേണ്ടിവന്ന നഷ്ടം കരാർ നിലവിൽ വന്നതോടെ കുറഞ്ഞു. കരാർ ഒപ്പിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് എണ്ണ കമ്പനികൾക്ക് സഹായമായത്.

കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോർമുസ് കടലിടുക്കിലൂടെ ഇനി കപ്പലുകൾക്ക് പേടിയില്ലാതെ കടന്നുപോകാം എന്നിരിക്കെ എണ്ണവിലയിൽ ഇനിയും കുറവ് വരുമെന്നാണ് പ്രതീക്ഷ.

എണ്ണവില കുറഞ്ഞതോടെ ഇന്ത്യയിൽ എണ്ണകമ്പനികൾ സഹിച്ചിരുന്ന നഷ്ടവും കുറഞ്ഞു. നേരത്തെ ഒരു ലിറ്റർ പെട്രോളിന് 6 രൂപയ്ക്കടുത്തായിരുന്നു കമ്പനികളുടെ നഷ്ടം. ഇത് കുറഞ്ഞ് 3 രൂപയായി. ഡീസലിൽ ഒരു ലിറ്ററിന് 30 രൂപയായിരുന്നു നഷ്ടം. ഇത് കുറഞ്ഞ് 27 രൂപയായി. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലവർധനവിന് അനുസരിച്ച് ഇന്ത്യയിൽ ഇന്ധനത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെയാണ് എണ്ണ കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടിവന്നത്.

പെട്രോൾ, ഡീസൽ എന്നിവയിലെ നഷ്ടം കുറഞ്ഞു എന്നിരിക്കെ ഏൽപിജിയിൽ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചുവരിക തന്നെയാണ്. ഒരു സിലിണ്ടറിന് 700 രൂപയോളമാണ് നഷ്ടം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് എണ്ണകമ്പനികളെ പ്രവർത്തനം സുഖമമാക്കുന്നതിനും മറ്റും സഹായിക്കുമെന്നും നഷ്ടം നികത്തപ്പെടുമെന്നുമാണ് കണക്കുകൂട്ടൽ.

അതേസമയം, ഇന്ത്യയിലേക്കുള്ള എല്‍എന്‍ജിയുമായി ഒരു ചരക്ക് കപ്പല്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്നു. മാള്‍ട്ടയുടെ പാതകയേന്തിയ ടാങ്കര്‍ കപ്പലാണ് തന്ത്രപ്രധാനമായ കടലിടുക്ക് കടന്നത്. എല്‍എന്‍ജി ടാങ്കര്‍ 'ദിശ'ഹോര്‍മുസ് കടന്നെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു. വ്യഴാഴ്ചയോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് നിഗമനം. 62,000 ടണ്‍എല്‍എന്‍ജിയാണ് കപ്പലിലുള്ളത്. ഇറാന്‍-യുഎസ് സമാധാന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്നും ഹോര്‍മൂസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കപ്പല്‍ കടലിടുക്ക് കടന്നത്. സമാധാന കരാര്‍ പ്രഖ്യാപനത്തിന് ശേഷം ഹോര്‍മൂസ് കടക്കുന്ന ആദ്യ കപ്പലാണ് ദിശ.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 325 ഇന്ത്യന്‍ നാവികരാണ് ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 18,000 ഇന്ത്യന്‍ നാവികരും കുടുങ്ങിക്കിടക്കുന്നുണ്ട്. നാവികര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വരുന്നുണ്ടെന്നും ഇതുവരെ ഇന്ത്യയിലേക്കുള്ള 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലായം അറിയിച്ചു.

Content Highlights: The implementation of a US–Iran peace agreement has eased tensions in global energy markets, leading to a decline in crude oil prices. This price correction has reduced losses for oil companies that were previously affected by high volatility and elevated costs.

dot image
To advertise here,contact us
dot image