

വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാര്‍ ഒപ്പിട്ടെന്ന് അമേരിക്ക. ഡിജിറ്റലായാണ് ഒപ്പിട്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് പോകാമെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പിടല്‍ ചടങ്ങ് നടത്താന്‍ ഇറാനും അമേരിക്കയും തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കരാറില്‍ ഒപ്പിട്ടതെന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്.
'ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തോളൂ, എണ്ണ ഒഴുകട്ടെ…' എന്നാണ്
സമാധാന കരാറിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. എന്നാല്‍ കരാറിന്റെ ഔദ്യോഗിക രേഖകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കരാര്‍ തയ്യാറാണെന്നും ഇരു രാജ്യവും കരാറിന്റെ ഡിജിറ്റല്‍ രേഖയില്‍ ഒപ്പ് വെച്ചെന്നും കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കിയിരുന്നു. ഹോര്‍മൂസ് തുറക്കുകയായിരുന്നു കരാറിന്റെ ആദ്യ ഭാഗമെന്നും അമേരിക്കയും ഇറാനും പറഞ്ഞു. കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ എണ്ണക്കപ്പലുകള്‍ ഹോര്‍മൂസ് വഴി സഞ്ചരിച്ച് തുടങ്ങി.
ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ നയന്ത്രത്തില്‍ ഏര്‍പ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഒപ്പു വെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.
ഇറാന്‍ ഭാവിയില്‍ ആണവായുധം നിര്‍മ്മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പറഞ്ഞു.
എന്നാല്‍ ഇറാനും അതിന്റെ പ്രാദേശിക സഖ്യങ്ങള്‍ക്കുമെതിരായ ആക്രമണം അവസാനിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കയുമായുള്ള സംയുക്ത ആക്രമണത്തിലൂടെ ഇറാന്‍ ആണവ നശീകരണം അവസാനിപ്പിക്കാന്‍ സാധിച്ചെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: US president Donald Trump says he signed with Iran deal as digital