

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കുവൈറ്റിൽ വിദേശ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള സർവീസുകൾക്ക് അനുമതി. ആക്രമണത്തിൽ തകർന്ന ടെർമിനൽ ഒന്നിന് പകരം, കുവൈറ്റ് എയർവേയ്സ് മാത്രം സർവീസ് നടത്തിയിരുന്ന ടെർമിനൽ-4 വഴിയാണ് വിദേശ കമ്പനികൾക്ക് കുവൈറ്റ് സിവിൽ ഏവിയേഷൻ അനുമതി നൽകിയത്. മധ്യവേനലവധിക്ക് നാട്ടിൽ പോകാൻ കാത്തിരിക്കുന്ന മലയാളി പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
നിലവിൽ കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയർവേയ്സ് മാത്രം സർവീസ് നടത്തിയിരുന്ന ടെർമിനൽ-4 ആണ് ഇപ്പോൾ വിദേശ വിമാന കമ്പനികൾക്കായി തുറന്നുനൽകിയിരിക്കുന്നത്. മുൻപ് വിദേശ വിമാന കമ്പനികൾ പ്രവർത്തിച്ചിരുന്ന ടെർമിനൽ വണ്ണിന് നേരെ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ജൂൺ ഒന്നിന് സർവീസുകൾ താൽക്കാലികമായി പുനരാരംഭിച്ചെങ്കിലും വീണ്ടും ആക്രമണമുണ്ടായതോടെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയായിരുന്നു. ടെർമിനൽ വണ്ണിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇനിയും കാലതാമസം നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അധികൃതരുടെ ഈ അടിയന്തര നടപടി.
കുവൈറ്റിൽ മധ്യവേനലവധി ആരംഭിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ യാത്രാ പദ്ധതികളുമായി കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശ സർവീസുകൾ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വർദ്ധിക്കുകയും, കുതിച്ചുയർന്ന വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യുമെന്നാണ് പ്രവാസികളുടെ വിലയിരുത്തൽ.
പ്രവർത്തനാനുമതി ലഭിച്ചതോടെ ഇന്ത്യൻ വിമാനക്കമ്പനികളും കുവൈറ്റിൽ നിന്നുള്ള സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത ആഴ്ച ആദ്യത്തോടെ കോഴിക്കോട്, ബെംഗളൂരു ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കും. കണ്ണൂർ, മംഗളൂരു സർവീസുകളും തൊട്ടടുത്ത ആഴ്ചകളിൽ തന്നെയുണ്ടാകും. ഇൻഡിഗോ ഈ ആഴ്ച അവസാനത്തോടെ മുംബൈയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും പ്രതിദിനം ഒരു സർവീസ് വീതമായിരിക്കും അനുവദിക്കുക. യാത്രക്കാരുടെ തിരക്കും പ്രവർത്തന സൗകര്യങ്ങളും വിലയിരുത്തിയ ശേഷം സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനം.
Content Highlights: Kuwait has permitted foreign airlines to operate through Terminal 4 at Kuwait International Airport. The decision is expected to enhance airport capacity, streamline international flight operations, and improve overall passenger convenience for global carriers.