
പാരീസ്: ഫ്രാൻസിലെ റൂയണിനടുത്തുള്ള പെറ്റിറ്റ്-ക്വില്ലി നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. 20 വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതിനിടയിൽ മേൽക്കൂര തകർന്ന് വീണാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മേൽക്കൂരയിൽ കയറിയ യുവാവ് താഴേക്ക് വീഴുകയും മേൽക്കൂര ഇടിഞ്ഞ് വീണ് ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്.
യുവാവ് തനിച്ചായിരുന്നില്ല മോഷണ ശ്രമം നടത്തിയത്. സൂപ്പർമാർക്കറ്റിൻ്റെ മേൽക്കൂരയിൽ യുവാവിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. മാളിലെ കടകളിലൊന്ന് തകർക്കാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. അതേസമയം, മോഷണമായിരുന്നില്ല കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. 17കാരനെ പൊലീസ് വെടിവെച്ചുകൊന്നതിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സംഭവം.