
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 1971-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സൈനികനായിരുന്ന ക്യാപ്റ്റന്‍ ജിആര്‍ ചൗധരി. ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് പാക് തടവിലായത് ഉള്‍പ്പെടെയുള്ള യുദ്ധ ഓര്‍മകള്‍ ചൗധരി പങ്കുവച്ചിരിക്കുന്നത്.
ചൗധരിയുടെ വാക്കുകളിലേക്ക്..
'ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമുള്ളപ്പോഴാണ് ഇന്ത്യയെ പാകിസ്താന്‍ ആക്രമിക്കുന്നത്. 1971ല്‍ കശ്മീര്‍ അതിര്‍ത്തിയിലായിരുന്നു എന്റെ നിയമനം. തുടക്കത്തില്‍ പാകിസ്താനെ തുരത്തുന്നതില്‍ നാം വിജയിച്ചു. ഡിസംബര്‍ ആറിന് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനായി നാം പാകിസ്താന്‍ മണ്ണില്‍ പ്രവേശിച്ചു. എനിക്കൊപ്പമുണ്ടായിരുന്നവര്‍ മരിച്ചുവീണു. പക്ഷെ ഞാന്‍ പോരാട്ടം തുടര്‍ന്നു. യുദ്ധവുമായി ബന്ധപ്പെട്ട എന്റെ അവസാനത്തെ ഓര്‍മ എന്റെ മുഖത്ത് ബുള്ളറ്റ് തറയ്ക്കുന്നതാണ്.
പിന്നീട് ഞാന്‍ കണ്ണുതുറക്കുമ്പോള്‍ ചുമരിന് അഭിമുഖമായി തലയ്ക്ക് തോക്കുചൂണ്ടി നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ പാക് തടവിലായിരുന്നു. ആഴ്ചകളോളം അവരെന്നെ ഉപദ്രവിച്ചു. ഇന്ത്യന്‍ പട്ടാളക്കാരെ കണ്ണുകെട്ടി മനുഷ്യത്വരഹിതമായി അവര്‍ മര്‍ദിച്ചു. നിന്നെ ഞാനെന്തിന് കൊല്ലാതിരിക്കണമെന്നാണ് എന്നെ ചികിത്സിച്ചിരുന്ന സര്‍ജന്‍ എന്നോട് ചോദിച്ചത്. മൂന്നാംദിവസം എനിക്കവര്‍ ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ് ഭക്ഷണം നല്‍കി. വെടിനിര്‍ത്തല്‍..യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുന്നു. ബംഗ്ലാദേശ് രൂപപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത അതില്‍ ഞാന്‍ വായിച്ചു. അതോടെ എന്റെ മാനസിക നില മാറി. അവരെന്നെ കൊന്നാലെന്ത് ഇല്ലെങ്കിലെന്ത് ഇന്ത്യ വിജയിച്ചിരിക്കുന്നു. അതുമതി..
ഇതിനിടയില്‍ ഞാന്‍ കൊല്ലപ്പെട്ടതായി എന്റെ മാതാപിതാക്കളെ ഇവര്‍ വിവരം അറിയിച്ചു. മകന്‍ മരിച്ച വാര്‍ത്ത സത്യമാണെങ്കില്‍ എന്റെ മക്കളെ ഇന്ത്യക്ക് വേണ്ടി പോരാടാന്‍ ഇനിയും ഞാന്‍ അയയ്ക്കുമെന്നാണ് അതിന് എന്റെ അമ്മ നല്‍കിയ മറുപടി.പക്ഷെ തടവില്‍ കഴിഞ്ഞ കാലത്ത് ചില നല്ല ഓര്‍മകളുമുണ്ട്. ഒരു പാക് പട്ടാളക്കാരന്‍ എന്നോട് രാമായണത്തിന്റെ കോപി ചോദിച്ചു. ഇന്ത്യന്‍ സൈനിക മേധാവികളെപ്പോലുള്ളവര്‍ നേതൃത്വം നല്‍കിയിരുന്നെങ്കില്‍ തങ്ങളും ജയിക്കുമായിരുന്നു എന്നുപറഞ്ഞ പാക് സൈനികരുണ്ട്.
ഒടുവില്‍ 11 മാസത്തിനും 125 ദിവസത്തിനും ശേഷം അവരെന്നെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന പാക് പട്ടാളക്കാരുടെ മോചനത്തിനായി. വാഗാ അതിര്‍ത്തിയിലൂടെ ഞാനും എന്നെപ്പോലെ പാക് പിടിയിലായ 524 പട്ടാളക്കാരും രാജ്യത്തേക്ക് പ്രവേശിച്ചു. ആ നിമിഷം വിശ്വസിക്കാനാകാത്ത പോലെയായിരുന്നു. ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളി നോക്കി, ഒടുവില്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നു.
അതിര്‍ത്തി കടന്നെത്തിയ ഞാനെന്റെ മാതാപിതാക്കളെ ആലിംഗനം ചെയ്തു. നീ തിരിച്ചുവീട്ടിലേക്ക് വരുമെന്ന് അറിയാമായിരുന്നെന്നാണ് അച്ഛന്‍ പറഞ്ഞത്. ആ നിമിഷം എന്റെ ദുഃഖങ്ങള്‍ അണമുറിഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. കാണ്‍പുരില്‍. 4 വര്‍ഷം കൂടി സൈന്യത്തെ സേവിച്ചു.ഐഎഎസ് ഓഫീസറാകുന്നതിനായി 76ല്‍ സൈന്യത്തില്‍ നിന്ന് ഞാന്‍ പോന്നു. എന്നാല്‍ പരീക്ഷയില്‍ വിജയിക്കാനായില്ല. പിന്നീട് ഒരു ബാങ്കില്‍ ജോലി നോക്കി. 2016ല്‍ നീണ്ട വര്‍ഷങ്ങളുടെ സേവനത്തിന് ശേഷം ഞാന്‍ വിരമിച്ചു. ഞാനിന്ന് ഒരു സ്‌കൂള്‍ നടത്തുകയാണ്. കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ഞാനെവിടെയാണെന്നത് ഒരു വിഷയമേയല്ല. പട്ടാള മൂല്യങ്ങള്‍ ഇന്നും ഞാന്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ച് എന്നും ഞാനെന്റെ കുട്ടികളോട് സംസാരിക്കാറുണ്ട്.
ഒരു പട്ടാളക്കാരനായാണ് ഞാന്‍ ജനിച്ചത്, അങ്ങനെത്തന്നെ മരിക്കുകയും ചെയ്യും.'
Content Highlights: Captain Choudhary Recollects his war memories