
ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണത്തിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക സഹായം നൽകണമെന്നും വിദേശ രാജ്യങ്ങളോട് അഭ്യർഥിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ വിശദീകരണവുമായി പാക് ധനകാര്യ വകുപ്പ്. തങ്ങളുടെ എക്സ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നുമാണ് പാക് ധനകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. പാക് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലായിരുന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
'ശത്രുക്കൾ കടുത്ത നാശമുണ്ടാക്കിയ സാഹചര്യത്തിൽ കൂടുതൽ വായ്പ അനുവദിക്കണമെന്ന് അന്താരാഷ്ട്ര പങ്കാളികളോട് അഭ്യർത്ഥിക്കുന്നു. യുദ്ധത്തിന്റെയും ഓഹരിവിപണി തകർച്ചയുടെയും പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കണം', എന്നായിരുന്നു കുറിപ്പ്. പോസ്റ്റ് ചർച്ചയായതോടെ നിഷേധിച്ച് പാക് ധനകാര്യ വകുപ്പ് തന്നെരംഗത്തെത്തുകയായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു പിന്നാലെ ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. ഇസ്‌ലമാബാദിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റേയും വസതിക്ക് സമീപം സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ.
ഷെഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ ജമ്മുവിൽ പാക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൻ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
അതിനിടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്‌സർ, ലുധിയാന, ഭന്തർ, കിഷൻഗഡ്, പട്ട്യാല, ഷിംല. കൻഗ്ര, ഭട്ടീന്ദ, ജയ്‌സാൽമർ, ജോദ്പുർ, ബിക്കാനെർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗർ, ഹിരാസർ (രാജ്‌കോട്ട്), പോർബന്ദർ, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട അഞ്ച് സർവീസുകളും എത്തിച്ചേരേണ്ട അഞ്ച് സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. മുംബൈയ്ക്കുള്ള രണ്ട് സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേയ്ക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ്, ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു.
Content Highlights: Pakistan says Ministry of Economic Affairs x accoount blocked