പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ; ശക്തമായി തിരിച്ചടിച്ചു; വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം

'കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്'

dot image

ന്യൂഡൽഹി: പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചതായി കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു.

'തുര്‍ക്കിഷ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിന്‍ഡ വിമാനത്താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നീക്കമുണ്ടായി. പാകിസ്താന്‍ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്'- സോഫിയാ ഖുറേഷി പറഞ്ഞു.

ആക്രമണം നടത്തുമ്പോള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചില്ലെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് പറഞ്ഞു. പാകിസ്താന്റെ നടപടി പ്രകോപനകരമാണ്. രണ്ട് യാത്രാവിമാനങ്ങള്‍ മറയാക്കിയും ആക്രമണം നടന്നു. പാകിസ്താന്‍ തന്നെയാണ് പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത്. ലോകരാജ്യങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് പാകിസ്താന്‍ ശ്രമിച്ചത്'- വ്യോമികാ സിങ് വിശദീകരിച്ചു.

സൈനിക കേന്ദ്രങ്ങള്‍ക്കു പുറമേ ഇന്ത്യന്‍ നഗരങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സായുധസേന തക്കതായ മറുപടിയാണ് നല്‍കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ആക്രമണത്തിലെ പങ്കാളിത്തം നിഷേധിക്കുന്നത് പാകിസ്താന്റെ മണ്ടത്തരമാണെന്ന് വിക്രം മിശ്രി പറഞ്ഞു. കന്യാസ്ത്രീ മഠത്തിനും ക്രിസ്ത്യന്‍ സ്‌കൂളിനും നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. കര്‍ത്താര്‍പൂര്‍ ഇടനാഴി താല്‍ക്കാലികമായി അടച്ചു. 400 ഡ്രോണുകള്‍ ഉപയോഗിച്ച് 36 ആക്രമണങ്ങളാണ് പാകിസ്താന്‍ നടത്തിയത്. ഇന്ത്യന്‍ പ്രത്യാക്രമണം പാകിസ്താന് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. ഇന്ത്യ സ്വന്തം നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ചെന്ന് പാകിസ്താന്‍ വ്യാജ പ്രചാരണം നടത്തി. ഭീകരതയ്‌ക്കൊപ്പം വര്‍ഗീയതയെയും പാകിസ്താന്‍ പ്രീണിപ്പിക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ ഒറ്റക്കെട്ടായാണ് നിന്നത്'- വിക്രം മിസ്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: ministry of external affairs press meet on operation sindoor

dot image
To advertise here,contact us
dot image