
പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന് കേരളവുമായി ഒരു ബന്ധമുണ്ട്. കേരളത്തെ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം രണ്ട് തവണയാണ് കേരളത്തില്‍ വന്നുപോയത്. ആ രണ്ട് തവണയും ആലുവ തായിക്കാട്ടുകരയുലെ മരിയാപുരം പള്ളി സന്ദര്‍ശിക്കാനും മറന്നിട്ടില്ല. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ തലവനായിരുന്ന കാലത്താണ് പാപ്പ കേരളത്തില്‍ എത്തുന്നത്. 2002 മുതല്‍ അദ്ദേഹം ബിഷപ്പാകുന്ന 2014 നവംബര്‍ മാസം വരെയാണ് അദ്ദേഹം അഗസ്റ്റീനിയന്‍ സഭയുടെ തലവനായിരുന്നിട്ടുളളത്.
കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനായ പിതാവാണ് ലിയോ പതിനാലാമനെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഭാരതത്തിന്റെ തലവനായ ഫാ. വില്‍സണ്‍ ഒഎസ്എ അനുസ്മരിച്ചു. പാപ്പയെ ഒരു പ്രാവശ്യം പരിചയപ്പെട്ടാല്‍ എത്രവര്‍ഷം കഴിഞ്ഞാലും അദ്ദേഹം നമ്മുടെ പേര് മറക്കില്ല എന്നും ഫാ. വില്‍സണ്‍ പറയുന്നു. 2004 ഏപ്രില്‍ മാസം 22ന് പാപ്പ കലൂര്‍ സെയിന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ ആറ് ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തിരുന്നു. അന്ന് ഇടക്കൊച്ചി, തലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ സന്യാസ ഭവനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോയെ കഴിഞ്ഞ ദിവസമാണ് പുതിയ പാപ്പയായി തിരഞ്ഞെടുത്തത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായ അദ്ദേഹം ഇനി മുതല്‍ ലിയോ പതിനാലാമന്‍ എന്നാണ് അറിയപ്പെടുക. ഇതുവരെയുണ്ടായ 267 പോപ്പുമാരില്‍ അമേരിക്കയില്‍ നിന്നുളള ആദ്യ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍.
Content Highlights :Pope Leo XIV visited the Mariapuram Church in Aluva, Thaikattukara, twice. Leo XIV is a Pope who is very fond of Kerala