
2024-2025 കാലഘട്ടത്തിൽ റെക്കോർഡ് ലാഭം ലഭിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻ. ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് കമ്പനി ബോണസ് ആയി പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് മാസത്തിലെ ശമ്പളത്തിനൊപ്പമായിരിക്കും ബോണസ് തുക ജീവനക്കാർക്ക് ലഭിക്കുക. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ എമിറേറ്റ്‌സ് ഗ്രൂപ്പ് ജീവനക്കാർക്ക് കമ്പനി ബോണസ് നൽകിയിരുന്നു.
2024 - 2025 വർഷം അവിശ്വസനീയമായ വർഷമായിരുന്നുവെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 20 ആഴ്ചത്തെ ശമ്പളമായിരുന്നു ജീവനക്കാർക്ക് നൽകിയത്. 2022-2023 വർഷത്തിൽ ജീവനക്കാർക്ക് 24 ആഴ്ചത്തെ ബോണസും കമ്പനി പ്രഖ്യാപിച്ചിരുന്നു.
എമിറേറ്റ്‌സ് ഗ്രൂപ്പിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ 5 ശതമാനം വർധനവും താമസ, ഗതാഗത അലവൻസുകളിൽ വർധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
2025-2026 വർഷത്തേക്ക്, 16 A350 വിമാനങ്ങളും 4 ബോയിംഗ് 777 ചരക്ക് വിമാനങ്ങളും പുതുതായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എമിറേറ്റ്‌സ് ചെയർമാന്‍ അറിയിച്ചു.
Content Highlights: Emirates Airline announces record profits, 22 weeks of bonuses for employees