
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമാവുകയാണെങ്കിൽ തന്റെ പിന്തുണ ഇന്ത്യക്കാർക്ക് നൽകുമെന്ന് യുഎസ് മുൻ വ്യോമസേനാ പെെലറ്റ്. ഡെയ്ൽ സ്റ്റാർക്കാണ് എക്സിൽ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെയും പാകിസ്താനിലെയും പൈലറ്റുമാരോടൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും ഡെയ്ൽ സ്റ്റാർക്ക് പറയുന്നു.
'എന്റെ കരിയറിൽ ഇന്ത്യയുടെയും പാകിസ്താന്റെയും യുദ്ധവിമാന പൈലറ്റുമാരോടൊപ്പം ഞാൻ പറന്നിട്ടുണ്ട്. ഇന്ത്യ-പാക് സംഘർഷം തുടർന്നാണ് എന്റെ പിന്തുണ ഇന്ത്യക്കാർക്കായിരിക്കും', അദ്ദേഹം പറഞ്ഞു. ഡെയ്ൽ 20 വർഷത്തിലേറെ യുഎസ് വ്യോമ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. "വാർത്തോഗ്" എന്നറിയപ്പെടുന്ന എ-10 തണ്ടർബോൾട്ട് II ലെ മുൻ വ്യോമസേന പൈലറ്റാണ് ഡെയ്ൽ.
I’ve flown with both Indian and Pakistani fighter pilots during my career. I’ll just say my money’s on the Indians if this continues to escalate.
— Dale Stark (@DaleStarkA10) May 7, 2025
അതേസമയം, ഇന്ത്യ-പാക് സംഘർഷത്തിൽ ഇതൊന്നും 'ഞങ്ങളുടെ വിഷയമേ അല്ല' എന്ന പ്രതികരണമാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വാൻസിന്റെ പരാമർശം. ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യാൻ സാധിക്കുകയെന്നും വാൻസ് പറഞ്ഞു.
'ഈ യുദ്ധം ഞങ്ങളുടെ വിഷയം അല്ലാത്തതിനാൽ, ഇതിലൊന്നും ഇടപെടാൻ പോകുന്നില്ല. രണ്ട് പേരോടും ആയുധം താഴെവെക്കാൻ ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നയതന്ത്ര രീതിയിൽ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ' എന്നും വാൻസ് വ്യക്തമാക്കി. അതിർത്തി യുദ്ധമോ ആണവായുധമോ ആകാതെ ഇരിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതൊരു പ്രാദേശിക യുദ്ധത്തിലേക്കോ ഒരു ആണവ സംഘർഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ഇപ്പോൾ അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും വാൻസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് പാകിസ്താൻ ഇന്ത്യക്ക് നേരെ മിസൈൽ ആക്രമണം അഴിച്ചുവിട്ടത്. ഇവയെയെല്ലാം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തിരുന്നു. ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായിരുന്നു. തുടർന്ന് അതിർത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയിരുന്നു.
ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി.
പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ, ദുരന്ത നിവാരണ വിഭാഗങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കിൽ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
Content Highlights: Former US Air Force pilot says his money is on Indians