'നോ' പറഞ്ഞാൽ 'നോ' തന്നെയാണ്; സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് ബോംബെ ഹൈക്കോടതി

ജസ്റ്റിസുമാരായ നിതിൽ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിലയിരുത്തൽ

dot image

നാഗ്പൂർ: ലൈംഗിക ബന്ധത്തിനുള്ള സമ്മതം എല്ലാക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാൾ ലൈംഗിക ബന്ധത്തിൽ നിർബന്ധിക്കുന്നത് തെറ്റാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ നിതിൽ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിലയിരുത്തൽ.

"ഒരു സ്ത്രീ 'നോ' എന്ന് പറഞ്ഞാൽ 'നോ' എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. അതിൽ അവ്യക്തതയില്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്," 2014-ൽ ചന്ദ്രപൂരിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.

കൂട്ടബലാത്സംഗം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വസീം ഖാൻ, ഷെയ്ഖ് കാദിർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച കോടതി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇരുവർക്കും സന്തോഷം നൽകിയേക്കാമെന്നും എന്നാൽ സമ്മതമില്ലാതെയാണെങ്കിൽ അത് അവരുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണെന്നും നിരീക്ഷിച്ചു.

"സമൂഹത്തിലെ ഏറ്റവും ധാർമ്മികമായും ശാരീരികമായും അപലപനീയമായ കുറ്റകൃത്യമാണ് ബലാത്സംഗം, കാരണം അത് ഇരയുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണ്. ബലാത്സംഗം ഒരു സ്ത്രീയുടെ ജീവിതത്തെ ബാധിക്കും. ഒരു വശത്ത് ലൈംഗിക ബന്ധം സ്ത്രീ ഉൾപ്പെടെയുള്ള പങ്കാളികൾക്ക് ആനന്ദം നൽകുന്നു, എന്നാൽ സ്ത്രീയുടെ സമ്മതമില്ലാതെയാണ് അത് ചെയ്യുന്നതെങ്കിൽ, അത് അവളുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണ്." കോടതി പറഞ്ഞു.

Content Highlights: bombay highcourt verdict on Chandrapur case

dot image
To advertise here,contact us
dot image