
ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' റിലീസിന് തയ്യാറെടുക്കുമായാണ്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. മെയ് 23 ന് ആഗോള തലത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ ഇന്ത്യയിൽ ഒരാഴ്ച മുൻപേ പുറത്തിറങ്ങും. മെയ് 17 ന് മിഷൻ ഇമ്പോസിബിൾ ഇന്ത്യയിൽ പ്രദർശനത്തിനെത്തും. സിനിമയുടെ നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സ് തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. ഐമാക്സ്, 4 ഡിഎക്സ് തുടങ്ങിയ സ്‌ക്രീനുകളിലും സിനിമ പ്രദർശനത്തിനെത്തും. ടോം ക്രൂസിന്റെ കഥാപാത്രമായ ഏഥൻ ഹണ്ടിനെതിരെ ഏജൻസി തിരിയുന്നതും അതിൽ നിന്നും രക്ഷ നേടി മിഷൻ പൂർത്തിയാക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
#MissionImpossible - The Final Reckoning.
— Sreedhar Pillai (@sri50) May 9, 2025
Run Time : 2 hrs 49 minutes!
Is the run time too long for a Hollywood action movie? pic.twitter.com/kIdyinL0mh
1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Mission Impossible runtime details out now