ത്രിരാഷ്ട്ര പരമ്പര: ശ്രീലങ്കൻ വനിതകൾക്കെതിരെ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം

84 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം ആനെറി 104 റൺസുമായി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു

dot image

ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾ ഉൾപ്പെട്ട വനിത ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 76 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ 42.5 ഓവറിൽ 239 ഓൾഔട്ടായി.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ലോറ വോള്‍വാര്‍ട്ടും തസ്മിൻ ബ്രിട്സും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നൽകി. വോൾവാർട്ട് 33 റൺസും ബ്രിട്സ് 38 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 68 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ മികച്ച തുടക്കം പിന്നീട് വന്നവർക്ക് മുതലാക്കാൻ കഴിഞ്ഞില്ല.

അഞ്ചിന് 85 എന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ വനിതകൾ തകർന്നു. ആറാം വിക്കറ്റിൽ ആനെറി ഡെർക്‌സെനും ചോലെ ട്രയോനും ഒത്തുചേർന്നതോടെയാണ് ദക്ഷിണാഫ്രിക്കൻ സ്കോർ മുന്നോട്ട് നീങ്ങിയത്. 84 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം ആനെറി 104 റൺസുമായി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 51 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും സഹിതം ട്രയോൻ 74 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച നദീനെ ഡി ക്ലെർക്ക് 19 പന്തിൽ പുറത്താകാതെ 32 റൺസ് നേടി. ശ്രീലങ്കയ്ക്കായി ദേവ്മി വിഹാംഗ അഞ്ച് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ ബാറ്റർമാർ ഭേദപ്പെട്ട നിലയിൽ സ്കോറിങ് നടത്തിയെങ്കിലും ആരുടെയും പോരാട്ടം വിജയലക്ഷ്യത്തിലേക്ക് പോന്നതായിരുന്നില്ല. 52 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തപ്പെട്ടുവാണ് ടോപ് സ്കോറർ. 43 റൺസെടുത്ത് അനുഷ്ക സഞ്ജീവിനി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിങ്ങിലും തിളങ്ങിയ ചോലെ ട്രയോൻ അഞ്ച് വിക്കറ്റ് നേടി.

Content Highlights: SA W beat SL W in triseries

dot image
To advertise here,contact us
dot image