ചിറകടിച്ച് പറക്കുന്ന മഞ്ഞക്കിളിയെ കാത്ത്..; ഒരു കടുത്ത ബ്രസീൽ ആരാധകൻ്റെ ആത്മസംഘർഷ രാവുകൾ!

ദേശീയ പതാകയിൽ പോലും ഫുട്ബാൾ അടയാളമാക്കിയ, ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സല്ല ഫുട്ബാളാണെന്ന് ഓരോ ശ്വാസത്തിലും തിരിച്ചറിയുന്ന ബ്രസീലിയൻ പെരുമ തലമുറകളായി അടയാളപ്പെടുത്തപ്പെട്ട ഒന്നാണ്.

ചിറകടിച്ച് പറക്കുന്ന മഞ്ഞക്കിളിയെ കാത്ത്..; ഒരു കടുത്ത ബ്രസീൽ ആരാധകൻ്റെ ആത്മസംഘർഷ രാവുകൾ!
അൻസിൽ എൻ എ
1 min read|13 Jun 2026, 01:43 pm
dot image


ഇത്തവണ ഇല്ലെങ്കിൽ പിന്നെ എപ്പോളാണ് ? ചോദ്യ ചിഹ്നം മാത്രം ബാക്കിയാക്കിയ കാത്തിരിപ്പിൻ്റെ നീളം 24 വർഷമാണ്. ദേശീയ പതാകയിൽ പോലും ഫുട്ബാൾ അടയാളമാക്കിയ, ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സല്ല ഫുട്ബാളാണെന്ന് ഓരോ ശ്വാസത്തിലും തിരിച്ചറിയുന്ന ബ്രസീലിയൻ പെരുമ തലമുറകളായി അടയാളപ്പെടുത്തപ്പെട്ട ഒന്നാണ്.

ഓരോ ലോകകപ്പ് വരുമ്പോഴും പതിനായിരക്കണക്കിന് കിലോമീറ്റർ ഇപ്പുറമുള്ള കേരളത്തിൽ വരെ, ഒരു ലാറ്റിനമേരിക്കൻ രാജ്യം പന്തുതട്ടുന്നത് കാണാൻ ഉറക്കമൊഴിച്ചിരിക്കുന്നതിന് പിന്നിലുള്ള വികാരം ചില്ലറയൊന്നുമല്ല. അവിടുത്തെ മനുഷ്യരുടെ ഭാഷയോ സംസ്കാരമോ നമുക്കറിയില്ല. പക്ഷേ, ലോകകപ്പിന്റെ ആവേശം, കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ കവലകൾ പോലും മഞ്ഞയും നീലയും കൊണ്ട് നിറയുന്നത് കണ്ടാൽ മനസ്സിലാകും.


1980-കളിലാണ് കേരളത്തിലേക്ക് ദൂരദർശൻ വഴി ലോകകപ്പ് മത്സരങ്ങൾ തത്സമയം എത്തിത്തുടങ്ങുന്നത്. അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ പെട്ടികൾക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന മലയാളിക്ക് മുന്നിലേക്ക് നൃത്തച്ചുവടുകളോടെ പന്തുരുട്ടി കയറിയത് മഞ്ഞക്കുപ്പായക്കാരായിരുന്നു. ടെക്നിക്കൽ തന്ത്രങ്ങളൊന്നും അറിയാത്ത സാധാരണക്കാരന് ഫുട്ബോൾ എന്നാൽ ആനന്ദമാണെന്ന് പഠിപ്പിച്ചത് പെലെയും ഗാരിഞ്ചയും സിക്കോയും സോക്രട്ടീസുമൊക്കെയാണ്.

മത്സരം തോറ്റാലും കളിഭംഗി കൈവിടാത്ത ആ 'ജോഗോ ബോണിറ്റോ' ശൈലി മലയാളിയുടെ ഫുട്ബോൾ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. അതൊരു പ്രണയമായി മാറുകയായിരുന്നു, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട പ്രണയം! അല്ലെങ്കിൽ തന്നെ ഒന്നോർത്തു നോക്കൂ.1994,1998, 2002 തുടർച്ചയായ മൂന്ന് ലോകകപ്പിലും കാനറികൾ ഫൈനലിലെത്തി.

പ്രതീക്ഷയുടെ അമിതഭാരത്തിൽ തട്ടി 98ൽ കപ്പ് കൈവിട്ടില്ലായിരുന്നെങ്കിൽ ഹാട്രിക്ക് കിരീടമെന്ന പെട്ടെന്നൊന്നും തകർക്കാനാവാത്ത അസുലഭ റെക്കോർഡും ബ്രസീലിന് കൈ വന്നേനെ. 90s കിഡ്സ് ഒന്നടങ്കം ബ്രസീൽ ഫാൻസായതിൽ അത്ഭുതമില്ല. അവരിൽ കുറച്ചുപേർ വഴുതി മാറി മറഡോണയിലൂടെ അർജൻ്റീന എന്ന രാജ്യത്തിൻ്റെ ആരാധകരായി, പിന്നെപ്പിന്നെ ജർമനി, ഇറ്റലി, ഇംഗ്ലണ്ട് ഉൾപ്പെടെ നമ്മുടെ രാജ്യത്തിൻ്റെ 'പൊളിറ്റിക്കൽ കറക്ട്നെസ്' നോക്കാതെ വിചിത്രമായ ആരാധകക്കൂട്ടങ്ങളായി കളർ ടെലിവിഷനുകളുടെ രംഗപ്രവേശന കാലത്ത് അപ്രഖ്യാപിതമായി അവതരിക്കപ്പെട്ടു.

Cr7 എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നതിനാൽ മാത്രം പോർച്ചുഗൽ ടീമിന് പോലും ഇവിടെ ആരാധകരുണ്ട്. 'ഇതെന്താണ് എസ് ഡി പി ഐ പാർട്ടിയുടെ കൊടി ലോകകപ്പ് വരുമ്പോൾ ഇങ്ങിനെ തൂക്കി ഇട്ടേക്കുന്നത്' എന്ന് ഏതോ കവലയിൽ കൂടി നടന്നു പോയ അമ്മാവൻ ചോദിച്ചത് പോർച്ചുഗൽ ഫാൻസിന് രസിക്കാത്തതിനെ തുടർന്ന് അടി പൊട്ടിയ ചരിത്രം വരെ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്.


കണിശമായ ഡിഫെൻസീവ് തന്ത്രങ്ങളിലേക്കും, കമ്പ്യൂട്ടർ വിശകലനങ്ങളിലെ രസം കൊല്ലി ഡിസിഷനുകളും, വിരസമായ പാസുകളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഫുട്ബോൾ മാച്ചുകളാണ് ഇന്ന് കൂടുതലും. എന്നാൽ ബ്രസീൽ ഇപ്പോഴും വിശ്വസിക്കുന്നത് ജന്മസിദ്ധമായ കളിഭംഗിയിലാണ്. കണ്ണിന് കുളിർമയേകുന്ന ഡ്രിബ്ലിങ്ങുകളിൽ കരുത്ത് കാട്ടുന്ന അതേ ടീം തന്നെയാണ് അവിശ്വസനീയമായി 'സെവൻ അപ്പ്' ആക്കപ്പെട്ട് ഒന്നിനു മേൽ ഒന്നായി ആണിയടിക്കപ്പെട്ട് തോറ്റു പുറത്തായിട്ടുള്ളതും എന്നതാണ് വിചിത്രമായ സത്യം.


ചരിത്രം എപ്പോഴും വീണവരുടെ കണ്ണീരിനെക്കാൾ, വീണടത്തുനിന്ന് എഴുന്നേറ്റവരുടെ വന്യമായ തിരിച്ചുവരവുകളെയാണ് ഓർത്തു വെക്കാറുള്ളത്. ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ ബ്രസീൽ എന്ന അക്ഷരത്തിന് കേവലം ഒരു രാജ്യത്തിന്റെ അതിരുകളേക്കാൾ വലിയ അർഥതലങ്ങളുണ്ട്. അത് കാൽപന്തിനെ പ്രണയിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വികാരമാണ്. എന്നാൽ, കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മഞ്ഞക്കുപ്പായക്കാരുടെ ചരിത്രം പരിശോധിച്ചാൽ അത് കണ്ണീരിന്റെയും കനലിന്റെയും സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ കഥയാണെന്ന് മനസ്സിലാക്കാം.

തത്ര ബോറൻ കളിയല്ല.

ജർമ്മനി, ഫ്രാൻസ് ഉൾപ്പടെയുള്ള യൂറോപ്യൻ പ്രമാണിമാരായ ഫുട്ബാൾ ടീമുകൾ കളിക്കുന്നത് ഒരു 'മെഷീൻ' പോലെയാണ്. അതിൽ കളിക്കാർ മാറിയാലും സിസ്റ്റം കൃത്യമായി പ്രവർത്തിക്കും. എന്നാൽ ബ്രസീൽ കളിക്കുന്നത് 'ആർട്ടിസ്റ്റുകളെ' പോലെയാണെന്ന് വിലയിരുത്തപ്പെടാറുണ്ട്.


തന്ത്രങ്ങൾ കൊണ്ട് കെട്ടിപ്പൂട്ടാൻ കഴിയാത്ത 'ഇംപ്രൊവൈസേഷൻ' (തത്സമയം മാന്ത്രികത കാണിക്കാനുള്ള കഴിവ്) ആണ് ബ്രസീലിയൻ താരങ്ങളുടെ കരുത്ത്. ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങൾ ഉദാഹരണമാക്കിയാൽ 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന ഷുഹൈബ് അക്തറിൻ്റെ പന്ത്, ബാറ്റു കൊണ്ട് തൊട്ടു മുന്നിൽ പിച്ചിൽ തന്നെ കൊട്ടിയിടുന്ന രാഹുൽ ദ്രാവിഡിനെ 90s കിഡ്സിന് ഓർമയുണ്ടാവും. അടുത്ത പന്ത് അതിനേക്കാൾ വേഗത്തിൽ തീയുണ്ട കണക്കേ വിക്ഷേപിക്കുന്ന അക്തറിനെ യാതൊരു കൂസലുമില്ലാതെ വീണ്ടും ബാറ്റിന് മുമ്പിൽ കൊട്ടിയിട്ട് അപമാനിക്കുന്ന രാഹുൽ ദ്രാവിഡ് ഒരു വൻ മതിലാണെന്ന് തിരിച്ചറിയാനുള്ള വിവരമൊന്നും അന്നില്ലായിരുന്നു.

Also Read:

വീരേന്ദർ സേവാഗൊക്കെ വന്ന് ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സറടിക്കുന്നത് കണ്ടപ്പോഴാണ് ഇതത്ര ബോറൻ കളിയല്ലെന്ന് തോന്നിത്തുടങ്ങിയത്. ഇനി ബ്രസീലിയൻ ഫുട്ബോളിലേക്ക് വന്നാൽ, ടിക്കി-ടാക്ക വിരസമായ ഒരു ചെസ്സ് കളി പോലെയാണെങ്കിൽ, ഒരു റോക്ക് മ്യൂസിക് കൺസേർട്ട് പോലെയാണ് കാനറികൾ മൈതാനത്ത് പന്ത് തട്ടുന്നതെന്ന് കാണാം.. എപ്പോൾ വേണമെങ്കിലും അവിടെ ഒരു മാന്ത്രിക നിമിഷം പിറക്കാം.


റൊണാൾഡീഞ്ഞോയുടെ ആരും പ്രതീക്ഷിക്കാത്ത നോ-ലുക്ക് പാസുകളും, നെയ്മറുടെ മാസ്മരിക ഡ്രിബ്ലിങ്ങുകളും, വിനീഷ്യസിന്റെ മിന്നൽ കുതിപ്പുകളും… ഇതാണ് കാലങ്ങളായി ബ്രസീൽ. പന്ത് കാലിൽ കിട്ടിയാൽ എതിരാളിയുടെ ബോക്സിലേക്ക് ഇരച്ചുകയറി ഗോൾ വേട്ടയാടുന്ന വന്യമായ സൗന്ദര്യമാണ് ബ്രസീലിയൻ ഫുട്ബോൾ ശൈലി.

ദുരന്തവും തിരിച്ചുവരവും

1998-ലെ ഫ്രാൻസ് ലോകകപ്പിന്റെ ഫൈനൽ. ഫുട്ബോൾ ലോകം ഒന്നടങ്കം ബ്രസീലിന്റെ കിരീടധാരണത്തിനായി കാത്തിരുന്ന നിമിഷം. പേര് കേട്ടാൽ തന്നെ എതിർ നിര വിറച്ചുപോകുന്ന താരനിരയായിരുന്നു അന്നത്തെ ബ്രസീൽ സ്‌ക്വാഡ്. റൊണാൾഡോ, റിവാൾഡോ, റോബട്ടോ കാർലോസ്, ദുംഗ, ബെബറ്റോ മുതൽ സൈഡ് ബെഞ്ചിലിരിക്കുന്നവർ വരെയുള്ള ഗംഭീര നിര സ്വപ്നസമാനമായാണ് ഫൈനൽ വരെയെത്തിയത്.

എന്നാൽ, ഫൈനൽ മത്സരത്തിന്റെ തൊട്ടുമുമ്പ് കാനറികളുടെ അച്ചുതണ്ടായ 'ദ ഫിനോമിനൻ' റൊണാൾഡോ നസാരിയോയ്ക്ക് നേരിട്ട അപ്രതീക്ഷിത ശാരീരിക അസ്വാസ്ഥ്യം ബ്രസീലിന്റെ താളം തെറ്റിച്ചു. ഫ്രാൻസിന് മുന്നിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോറ്റ്, കണ്ണീരോടെ കളം വിട്ട റൊണാൾഡോയുടെയും ബ്രസീലിന്റെയും ചിത്രം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നോവാണ്.


പക്ഷേ, മുറിവേറ്റ സിംഹത്തിന്റെ ശ്വാസത്തിന് ഒച്ചകൂടുമെന്ന് തെളിയിക്കാൻ അവർക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. കരിയർ തന്നെ അവസാനിച്ചു എന്ന് വിധിയെഴുതിയ പരിക്കുകളിൽ നിന്നും തകർച്ചകളിൽ നിന്നും നാലേ നാല് വർഷങ്ങൾക്കപ്പുറം, 2002-ൽ റൊണാൾഡോയും റിവാൾഡോയും റൊണാൾഡീഞ്ഞോയും അടങ്ങുന്ന 'ത്രീ ആർ' സഖ്യം ഏഷ്യയുടെ മണ്ണിൽ അവതരിച്ചു. യോകോഹാമയിൽ ജർമ്മനിയെ തരിപ്പണമാക്കി അഞ്ചാം ലോകകിരീടം ബ്രസീലിലേക്ക് എത്തിക്കുമ്പോൾ, അത് കണ്ണീരിൽ നിന്ന് ചിറകടിച്ച് പറന്ന മഞ്ഞക്കിളിയുടെ മഹാ ഉയിർത്തെഴുന്നേൽപ്പായിരുന്നു.ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ മൂന്ന് തവണ കരസ്ഥമാക്കിയ, രണ്ട് പ്രാവശ്യം ബാലൻ ദ്ഓർ പുരസ്കാരം നേടിയ റൊണാൾഡോ എട്ട് ഗോളടിച്ച് ഗോൾ സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയപ്പോൾ തൻ്റെ പ്രതിഭയോട് സ്വയം നീതി പുലർത്തിയ അവതാരമായി അവതരിക്കുകയായിരുന്നു അവിടെ.


പിന്നീടൊരു ലോകകിരീടം കാനറികളുടെ ഷോകേസിൽ ഇടം പിടിച്ചിട്ടില്ല. തുടർന്നുള്ള ലോകകപ്പുകളിലും ഹോട്ട് ഫേവറ്റുകളായിത്തന്നെയാണ് ഫുട്ബോൾ വിദഗ്ധർ ബ്രസീൽ ടീമിനെ കണക്കാക്കിയിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞു കാണാം.
ഫുട്ബോൾ ചരിത്രം ബ്രസീലിന് നൽകിയ ഏറ്റവും വലിയ ആഘാതമായിരുന്നു 2014-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ്. ക്വാർട്ടർ ഫൈനലിൽ കൊളംബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ സുൽത്താൻ നെയ്മർ ജൂനിയറിന്റെ നട്ടെല്ലിന് ഏറ്റ മാരക പരിക്ക് കാനറികളുടെ ചിറകൊടിച്ചതിന് തുല്യമായിരുന്നു. തങ്ങളുടെ രക്ഷകനില്ലാതെ സെമിഫൈനലിൽ ജർമ്മനിയെ നേരിടാനിറങ്ങിയ ബ്രസീലിനെ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ബെലോ ഹൊറിസോണ്ടെയിലെ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ തോൽവി.


ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ തലകുനിച്ചുനിന്ന, ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയായ കറുത്ത രാത്രിയായിരുന്നു അത്. പരിക്കിന്റെ പിടിയിലായിരുന്ന നെയ്മറുടെ കണ്ണീരും, ഗാലറിയിലെ വൃദ്ധനായ ആരാധകൻ ലോകകപ്പ് മാതൃക നെഞ്ചോട് ചേർത്ത് കരയുന്ന ദൃശ്യവും ഇന്നും ഫുട്ബോൾ പ്രേമികളുടെ ഉള്ളുലയ്ക്കുന്ന ഒന്നാണ്. പിന്നീട് വന്ന ലോകകപ്പുകളിലും പരിക്കുകൾ നെയ്മറെയും ബ്രസീലിനെയും വിടാതെ പിന്തുടർന്നു. 2022-ൽ ക്രോയേഷ്യക്കെതിരെ നെയ്മർ നേടിയ അവിസ്മരണീയ ഗോളിനും ബ്രസീലിനെ സെമിയിലെത്തിക്കാൻ കഴിഞ്ഞില്ല. വീണ്ടും കണ്ണീരോടെ കളം വിടാനായിരുന്നു അവരുടെ വിധി.


2002-ൽ ഏഷ്യൻ മണ്ണിൽ അവസാനമായി മുത്തമിട്ട ആ കനക കിരീടം ബ്രസീലിലെത്തിയിട്ട് ഇപ്പോൾ നീണ്ട 24 വർഷം. ഒരു തലമുറ മുഴുവൻ തങ്ങളുടെ പ്രിയപ്പെട്ട ടീം ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നത് കാണാൻ ദാഹത്തോടെ കാത്തിരിക്കുന്നു. അപമാനിക്കപ്പെട്ട വർഷങ്ങൾ ഒട്ടനവധിയാണ്, നാണംകെട്ട നിമിഷങ്ങൾ ഒരുപാടുണ്ട്. എന്നാൽ കാനറികൾ എന്നത് വെറുമൊരു ടീമല്ല, അതൊരു സംസ്കാരമാണ്. ഒടുങ്ങാത്ത പ്രതിഭകളുടെ വലിയ അക്ഷയഖനിയാണ് ബ്രസീൽ.
ഇന്ന് വിനീഷ്യസ് ജൂനിയറും, റോഡ്രിഗോയും, എൻഡ്രിക്കും അടങ്ങുന്ന പുതിയ യുവനിര തങ്ങളുടെ മുൻഗാമികൾക്ക് നേരിട്ട അപമാനങ്ങൾക്ക് പലിശ സഹിതം വീട്ടാൻ പാകത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു.

ക്ലിനിക്കൽ ഫിനിഷർ ഉണ്ടോ?

പരിക്കിന്റെ കരിനിഴലിൽ നിന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുന്ന നെയ്മറുടെ അനുഭവസമ്പത്തും ഈ യുവനിരയുടെ വന്യമായ വേഗതയും ചേരുമ്പോൾ ബ്രസീൽ വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്ന ശക്തി തന്നെയാണ്. എങ്കിലും മുൻ ലോകകപ്പുകളെപ്പോലെ ഒരു വിസ്‌മയ ടീമായി ഇത്തവണ കളി വിദഗ്ധർ ബ്രസീൽ ടീമിനെ കാണുന്നില്ല എന്ന യാഥാർഥ്യം ഫ്ലക്സ് വെക്കുന്നവർ അറിയാതെ പോകരുത്. പ്രതിരോധത്തിന് മുൻഗണന നൽകുന്ന കളിശൈലിയാണ് മധ്യനിരയിൽ. എതിരാളികളുടെ കളി തടസ്സപ്പെടുത്താൻ മിടുക്കരുണ്ടെങ്കിലും, റൊണാൾഡീഞ്ഞോയെപ്പോലെ ഒറ്റ പാസ്സിൽ കളി തിരിക്കാൻ പോന്ന ഒരു പരമ്പരാഗത പ്ലേമേക്കറുടെ അഭാവം ഇത്തവണ പ്രകടമാണ്. നെയ്മർ ടീമിലുണ്ടെന്നത് വലിയൊരു ആത്മവിശ്വാസമാണെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി കടുത്ത പരിക്കുകളോട് പോരാടിയാണ് അദ്ദേഹം വരുന്നത്.

പഴയതുപോലെ 90 മിനിറ്റും ഒരേ വേഗതയിലും കരുത്തിലും കളിക്കാൻ നെയ്മറുടെ ശരീരം അനുവദിക്കുമോ എന്നതിൽ സംശയമുണ്ട്. റോബോട്ടുകളെപ്പോലെ കൃത്യതയോടെ ഫുട്ബോൾ പന്തിനെ ഉപയോഗിക്കുന്ന യൂറോപ്യൻ ടീമുകളുടെ തന്ത്രപരമായ കെണികളിൽ ബ്രസീലിന്റെ പരമ്പരാഗത വ്യക്തിഗത മികവ് പലപ്പോഴും ശ്വാസംമുട്ടിപ്പോകാറുണ്ട്. മുൻകാലങ്ങളിൽ ബെൽജിയം (2018), ക്രോയേഷ്യ (2022) തുടങ്ങിയ കണിശമായ ഡിഫെൻസീവ് തന്ത്രങ്ങളുള്ള യൂറോപ്യൻ ടീമുകൾക്ക് മുന്നിലാണ് ബ്രസീലിന്റെ വ്യക്തിഗത മികവ് പലപ്പോഴും പതറിപ്പോയത്. കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലെ ബ്രസീലിന്റെ തോൽവികൾ ഇതിന് ഉദാഹരണങ്ങളാണ്. വിനീഷ്യസും റോഡ്രിഗോയും വിങ്ങുകളിൽ വിസ്മയങ്ങൾ കാണിക്കുമ്പോഴും, ബോക്സിനുള്ളിൽ കിട്ടുന്ന പന്തുകൾ ഗോളാക്കി മാറ്റാൻ പോന്ന ഒരു 'ക്ലിനിക്കൽ ഫിനിഷർ' ഇല്ലെന്നത് വലിയൊരു കുറവാണ്.

പരിക്കുകളേൽക്കാത്ത നെയ്മർ കളത്തിലുണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന തിയറി എത്രത്തോളം പ്രാക്ടിക്കലാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ബ്രസീലിൻ്റെ വിധി.
കാൽപന്ത് കളിയുടെ ചടുലത ലോകത്തിന് പഠിപ്പിച്ചു കൊടുത്തവർക്ക്, കളി നെഞ്ചിലേറ്റിയ കോടിക്കണക്കിന് ആരാധകർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ഒരു മഹാ ഉയിർത്തെഴുന്നേൽപ്പ് ബ്രസീൽ അർഹിക്കുന്നുണ്ട്.


ഇത് വെറുമൊരു തിരിച്ചുവരവല്ല, നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനുള്ള സാംബാ നർത്തകരുടെ വന്യമായ വേട്ടയാടലാണ്. മൈതാനങ്ങളിൽ മഞ്ഞക്കുപ്പായക്കാർ വീണ്ടും പന്തുരുട്ടുമ്പോൾ എതിരാളികൾ ഭയപ്പെടുക തന്നെ വേണം. കാരണം, കാനറികൾ കണ്ണീരൊഴുക്കി തീർത്തു കഴിഞ്ഞു. ഇനി വരുന്നത് ചിറകടിച്ച് പറന്ന് ആകാശങ്ങൾ കീഴടക്കാനുള്ള അവസരമാണ്.
കരിയറിലുടനീളം അലട്ടിയ പരിക്കുകൾ മൂലം, അസാമാന്യ പ്രതിഭയെന്ന വിശേഷണത്തോട് നീതി പുലർത്താനാകാതെ സുൽത്താൻ നെയ്മറിന് തൻ്റെ ഫുട്ബാൾ ജീവിതം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കകൾക്കൊടുവിൽ, ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്തോടെയെത്തിയ ഇറ്റാലിയൻ കോച്ച് കാർലോ ആഞ്ചലോട്ടി കാനറി ടീം ലിസ്റ്റിൽ നെയ്മറിൻ്റെ പേരും ഉൾപ്പെടുത്തിയപ്പോൾ ലോകമെങ്ങുമുള്ള ബ്രസീൽ ഫുട്ബാൾ ആരാധകരുടെ ശ്വാസം കൂടിയാണ് നേരെയായത് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല.


നെയ്‌മർ ഫാക്‌ടർ

ഈ ലോകകപ്പിൽ ഫുട്ബോൾ ലോകം ഏറ്റവും ഉറ്റുനോക്കുന്നത് നെയ്മർ ജൂനിയർ എന്ന പ്രതിഭയിലേക്കാണ്. കരിയറിലുടനീളം പരിക്കുകൾ വേട്ടയാടിയ നെയ്മർക്ക്, ഇത് ഒരുപക്ഷേ തന്റെ ലോകകപ്പ് ശാപം തീർക്കാനുള്ള അവസാനത്തെ സുവർണ്ണാവസരമായിരിക്കാം.
പണ്ടത്തെപ്പോലെ വിങ്ങിലൂടെ ഓടിക്കയറി ഗോളടിക്കുന്ന നെയ്മറെയല്ല ഇത്തവണ ബ്രസീലിന് ആവശ്യം. വിനീഷ്യസും റോഡ്രിഗോയും വിങ്ങുകളിൽ വേഗത കൂട്ടുമ്പോൾ, മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ഒരു 'പ്ലേമേക്കർ' റോളിലാവും നെയ്മർ തിളങ്ങേണ്ടത്.
യുവനിരയ്ക്ക് കൃത്യമായ പാസുകൾ നൽകാനും, സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാനും നെയ്മറുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. പരിക്ക് മാറി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് വിമർശകർക്ക് മൈതാനത്തിലൂടെ മറുപടി നൽകാൻ നെയ്മർക്ക് സാധിച്ചാൽ ബ്രസീലിന്റെ കിരീടസാധ്യത ഇരട്ടിയാകും.

5 ലോക കിരീടങ്ങളുടെ കനം ബാധ്യതയോ

ബ്രസീൽ നേടിയ 5 ലോകകപ്പുകളുടെയും ചരിത്രം പരിശോധിച്ചാൽ, ഓരോ കിരീടത്തിന് പിന്നിലും ഒരു സിസ്റ്റത്തേക്കാൾ കൂടുതൽ, ലോകത്തെ അത്ഭുതപ്പെടുത്തിയ ചില വ്യക്തികളുടെ അമാനുഷിക പ്രകടനങ്ങൾ കാണാം.


1958 & 1962: 'പെലെ' എന്ന കൗമാരക്കാരനും 'ഗാരിഞ്ച' എന്ന മാന്ത്രികനും
1958 (സ്വീഡൻ): അതുവരെ ലോകം കാണാത്ത തരം വ്യക്തിഗത മികവാണ് 17 വയസ്സുകാരനായ പെലെ പുറത്തെടുത്തത്. സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ ഡിഫെൻഡർമാരെ വായുവിൽ അമ്പരപ്പിച്ചുകൊണ്ടുള്ള ഇരട്ട ഗോളുകളും പെലെയുടെ മാത്രം വ്യക്തിഗത കഴിവായിരുന്നു.


1962 (ചിലി): ഈ ലോകകപ്പിലാണ് വ്യക്തിഗത മികവ് ബ്രസീലിനെ എങ്ങനെ കിരീടത്തിലേക്ക് നയിച്ചു എന്ന് കൃത്യമായി മനസ്സിലാകുന്നത്. രണ്ടാം മത്സരത്തിൽ പെലെ പരിക്കേറ്റ് പുറത്തായി. ഏതൊരു സാധാരണ ടീമും അവിടെ തകർന്നുപോകുമായിരുന്നു. എന്നാൽ അവിടെയാണ് ഗാരിഞ്ച എന്ന വിസ്മയം ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റിയത്. ഡ്രിബ്ലിങ്ങും വേഗതയും കൊണ്ട് എതിരാളികളെ ഒറ്റയ്ക്ക് കബളിപ്പിച്ച് ഗാരിഞ്ച ബ്രസീലിന് രണ്ടാം കിരീടം നേടിക്കൊടുത്തു. ഫുട്ബോൾ ചരിത്രത്തിൽ ഒരാളുടെ മാത്രം മികവിൽ നേടിയ ലോകകപ്പുകളിലൊന്നാണിത്, എന്നു മാത്രവുമല്ല ഇറ്റലിക്ക് ശേഷം ലോക കപ്പ് കിരീടം നിലനിർത്തിയ രാജ്യമെന്ന ഇനിയും ഭേദിക്കപ്പെടാത്ത റെക്കോഡ് കൂടി ബ്രസീൽ നേടിയ വർഷം. (1934,1938 വർഷങ്ങളിൽ ഇറ്റലിയാണ് ആദ്യമായി കിരീടം നിലനിർത്തിയ രാജ്യം).


1970 (മെക്സിക്കോ):
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ 1970-ലെ ബ്രസീൽ എന്നാണ് ഉത്തരം. പക്ഷേ, അതൊരു കർക്കശമായ ഡിഫെൻസീവ് തന്ത്രമല്ലായിരുന്നു. മറിച്ച് പെലെ, ജെയർസീഞ്ഞോ, റിവെലിനോ, ടോസ്റ്റാവോ, കാർലോസ് ആൽബർട്ടോ തുടങ്ങിയ ലോകോത്തര പ്രതിഭകളുടെ കൂട്ടായ്മയായിരുന്നു.


1994 (യു.എസ്.എ):
1994-ലെ ലോകകപ്പിൽ ബ്രസീൽ ഒരു മികച്ച ടീം ആയിരുന്നില്ല എന്ന് അന്നത്തെ പല ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ റൊമാരിയോ എന്ന പ്രതിഭയുടെ ബോക്സിനുള്ളിലെ വേഗതയും ക്ലിനിക്കൽ ഫിനിഷിംഗും, ഒപ്പം ബെബറ്റോയുമായുള്ള കെമിസ്ട്രിയും മാത്രമാണ് ബ്രസീലിനെ ഫൈനൽ വരെ എത്തിച്ചതും ഇറ്റലിയെ തോൽപ്പിച്ച് നാലാം കിരീടം നേടിക്കൊടുത്തതും. റൊമാരിയോ എന്ന വ്യക്തിയുടെ ഫോം മാത്രമായിരുന്നു ആ ടൂർണമെന്റിൽ ബ്രസീലിന്റെ ജീവൻ.


2002 ( ജപ്പാൻ/ കൊറിയ): '3R' സഖ്യത്തിന്റെ (റൊണാൾഡോ, റിവാൾഡോ, റൊണാൾഡീഞ്ഞോ)
അമാനുഷികത. മൈതാനത്ത് കളി ജയിപ്പിച്ചത് മൂന്ന് വ്യക്തികളുടെ അസാധാരണ പ്രതിഭയായിരുന്നു. എതിരാളികളുടെ എത്ര വലിയ തന്ത്രങ്ങളെയും തകർക്കാൻ പോന്നതായിരുന്നു ഈ മൂന്ന് പേരുടെ വ്യക്തിഗത മികവ്.

പന്തിന് ഫ്രീഡം കൊടുക്കുന്നവർ

പെട്ടെന്ന് എതിരാളികളുടെ പ്രതിരോധം തകർത്ത് കയറി, മനോഹരമായ പാസുകളിലൂടെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകൾ തൊടുക്കുന്ന, കാണികളെ സീറ്റിൽ നിന്നെഴുന്നേൽപ്പിക്കുന്ന മാസ്മരിക ശൈലിയാണ് ബ്രസീലിന്റേത്. ഇതിനെ ലോകം വിളിക്കുന്ന പേരാണ് 'ജോഗോ ബോണിറ്റോ'.


ബ്രസീലിന് ഫുട്ബോൾ എന്നത് വെറുമൊരു ജയപരാജയങ്ങളുടെ കളിയല്ല, അതൊരു കലയാണ്. അവരുടെ പ്രശസ്തമായ 'സാംബാ' നൃത്തച്ചുവടുകൾ മൈതാനത്തേക്ക് മാറ്റിവെച്ചതുപോലെയാണത്.
ഇതിൽ കളിക്കാർക്ക് കണിശമായ നിയമങ്ങളോ അതിർവരമ്പുകളോ ഇല്ല.
മൈതാനത്ത് സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് കളിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവർക്കുണ്ടാകും.


പെട്ടെന്ന് കടന്നു കയറി ഗോൾ അടിക്കുന്ന ശൈലി ബ്രസീലിന്റെ പ്രധാന ആയുധമാണ്. പ്രതിരോധത്തിൽ നിന്ന് പെട്ടെന്ന് ആക്രമണത്തിലേക്ക് മാറാൻ അവർക്ക് പ്രത്യേക കഴിവുണ്ട്. മധ്യനിരയിൽ നിന്ന് വിങ്ങുകളിലേക്ക് നൽകുന്ന ഒരൊറ്റ ലോങ് പാസ്സിൽ, മിന്നൽ വേഗതയുള്ള വിങ്ങർമാർ എതിർ ബോക്സിലേക്ക് കുതിച്ചുകയറി നിമിഷനേരം കൊണ്ട് ഗോൾ ലക്ഷ്യമാക്കി ഷോട്ടുകൾ ഉതിർക്കുന്നു.


ബ്രസീലിയൻ ശൈലിയുടെ അടിസ്ഥാനം അവരുടേതായ 'ജിംഗ' എന്ന സംസ്കാരമാണ്. ബ്രസീലിലെ തെരുവുകളിലും ബീച്ചുകളിലും പന്തുരുട്ടി വളരുന്ന കുട്ടികൾ പഠിച്ചെടുക്കുന്ന ശൈലിയാണിത്. ശരീരത്തിന്റെ മെയ്‌വഴക്കവും അപ്രതീക്ഷിത ഡ്രിബ്ലിംഗുകളും ഇതിന്റെ പ്രത്യേകതയാണ്.
ടിക്കി-ടാക്കയിൽ പന്ത് എങ്ങനെ പാസ്സ് ചെയ്യണം എന്നതിനാണ് പ്രാധാന്യമെങ്കിൽ, ജിംഗയിൽ പന്തുമായി എതിരാളിയെ എങ്ങനെ വെട്ടിച്ച് മുന്നേറണം എന്നതിനാണ് പ്രാധാന്യം.

2026-ൽ ബ്രസീലിന്റെ സാധ്യതകളും വെല്ലുവിളികളും

അമേരിക്കയുടെ മണ്ണ് ബ്രസീൽ ആരാധകർക്ക് എക്കാലവും മനോഹര ഓർമകൾ സമ്മാനിച്ച ഒന്നാണ്. തങ്ങളുടെ നാലാം ലോകകിരീടത്തിന് സാക്ഷ്യം വഹിച്ച അതേ യു.എസ്.എയുടെ മണ്ണിൽ. 1994-ൽ റോസ് ബൗൾ സ്റ്റേഡിത്തിൽ റൊമാരിയോയും ബെബറ്റോയും ചേർന്ന് ബ്രസീലിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതുപോലെ, കാനറികൾ ആറാം നക്ഷത്രം നെഞ്ചോട് ചേർക്കുമോ?


ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിൽ, ഗ്രൂപ്പ് ഘട്ടങ്ങൾ കടക്കുക എന്നത് ബ്രസീലിനെപ്പോലൊരു വമ്പൻ ടീമിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയില്ല. വ്യക്തിഗത മികവിലും നിലവിലെ ഫോമിലും ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാണ് സാധ്യത കൂടുതൽ. മൊറോക്കോയുടെ വെല്ലുവിളി മാത്രമാണ് ആദ്യ റൗണ്ടിൽ കരുതേണ്ടത്.

ബ്രാക്കൾ vs അരകൾ

കേരളത്തിലെ ലോകകപ്പ് ആവേശത്തിന് ജീവൻ നൽകുന്നത് ബ്രസീൽ-അർജന്റീന ഫാൻസുകാർ തമ്മിലുള്ള ആരോഗ്യകരമായ തർക്കങ്ങളിലാണ്. ചായക്കടകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പരസ്പരം ട്രോളും, വാശിപിടിക്കും, വെല്ലുവിളിക്കും.


പക്ഷേ, 'അർജന്റീന ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തുപോകാൻ സത്യസന്ധനായ ബ്രസീൽ ആരാധകൻ ഒരിക്കലും ആഗ്രഹിക്കില്ല!' അതാണ് ഫുട്ബോളിന്റെ യഥാർഥ ഭംഗി. കാരണം
എതിരാളി ശക്തനായിരിക്കുമ്പോഴേ ജയത്തിന് മധുരമുണ്ടാകൂ. അർജന്റീന ഒപ്പമുണ്ടെങ്കിലേ ഈ ലോകകപ്പ് ഉത്സവത്തിന് പൂർണ്ണതയുണ്ടാകൂ എന്ന് ബ്രസീൽ ആരാധകന് നന്നായറിയാം.


മൈതാനത്ത് കളി ജയിക്കുന്നതിനൊപ്പം തന്നെ അത് കാണാൻ മനോഹരമായിരിക്കണം എന്ന ശാഠ്യം ബ്രസീലിയൻ കളിക്കാർക്കുണ്ട്. പ്രതിരോധം നോക്കുന്നതിനൊപ്പം വിങ്ങുകളിലൂടെ മിന്നൽ വേഗതയിൽ ഓടിക്കയറി ഗോളടിക്കുകയോ ഗോളടിപ്പിക്കുകയോ ചെയ്യുന്ന ലോകോത്തര താരങ്ങൾ ബ്രസീലിന്റെ വലിയൊരു പാരമ്പര്യമാണ്. കാർലോസ് ആൽബർട്ടോ, കഫു, റോബർട്ടോ കാർലോസ്, ഡാനി ആൽവസ്, മാഴ്സെലോ തുടങ്ങിയ പ്രതിഭകൾ ഈ പരമ്പരാഗത ശൈലിയുടെ ഉദാഹരണങ്ങളാണ്.


നിലവിലെ ഫോം തുടരുകയാണെങ്കിൽ, ക്വാർട്ടറിലോ സെമിയിലോ ചിരവൈരികളായ അർജന്റീനയും ബ്രസീലും നേർക്കുനേർ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും 16 ടീമുകൾ മാത്രം അവശേഷിക്കുന്ന നിർണായക ഘട്ടം മുതലേ ഇതിന് സാധ്യതയുള്ളൂ.

ഉറങ്ങാത്ത രാവുകൾ

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമുമായി നല്ല വ്യത്യാസമുള്ളതിനാൽ പാതിരാത്രിയിലും അതീവ പുലർക്കാലത്തുമാണ് മിക്ക മത്സരങ്ങളും, പ്രത്യേകിച്ച് ബ്രസീലിൻ്റെ. ഉറക്കച്ചടവുകളോടെ, ഇടക്കിടെ ഞെട്ടി എണീറ്റ്, ഒന്ന് മൂത്രമൊഴിക്കാൻ പോയി, പറ്റിയാൽ ഒരു കട്ടൻ ചായ കുടിച്ച്, മഴക്കാലമായതിനാൽ ആലസ്യത നിറഞ്ഞ തണുപ്പിൽ, പുതപ്പിനടിയിൽ ചുരുണ്ടുകിടന്ന്, പൊതുവിടങ്ങളിൽ വലിയ സ്ക്രീനിലെ ആരവങ്ങൾക്കിടയിൽ ….. അങ്ങനെയങ്ങനെ ഈ പന്തുകളി കാണുന്നവർ പല തരത്തിലും രൂപത്തിലും ഭാവത്തിലുമാണ്. മറ്റൊരു കായിക വിനോദത്തിനുമില്ലാത്തത്ര ജനപ്രീതി ഈ കളിക്ക് വന്നത് ഇതിൻ്റെയൊരു ലാളിത്യം ഒന്നുകൊണ്ടു കൂടിയായിരിക്കും.


ഒരു പന്തിനു പുറകേ ലോകം ചുരുങ്ങുന്ന, നാലു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് നാട്ടാർക്ക് മൊത്തം ഈ കളി. അർജൻ്റീന ഒരു കളി തോറ്റാൽ "അര"കൾ തീർന്നെന്ന് ട്രോൾ ചമയ്ക്കുന്നവർ തങ്ങൾ തോറ്റാൽ "ബ്രാക്കൾ" പൊട്ടി, 7 അപ്പ് കുപ്പി പിന്നേം പൊട്ടി എന്ന് അവർ കളിയാക്കുമെന്നത് അറിയാതെയല്ല ഇതിന് മുതിരുന്നത്. ഫുട്ബോൾ അങ്ങനെയൊക്കെയാണ് മക്കളേ! 90 മിനിറ്റ് പന്തിനു പിറകേ വെപ്രാളപ്പെട്ട് ഓട്ടത്തോട് ഓട്ടമല്ലേ, ചിലരുടെ സ്റ്റാമിന കുറയുമ്പോൾ എതിരാളികൾ പന്ത് വലയിലാക്കും. അവര് ജയിക്കും. നമ്മള് തോൽക്കുകയും ചെയ്യും. ഗോൾ വലയിലാകുമ്പോഴുള്ള ആവേശം മാത്രമല്ല, ലക്ഷ്യം തെറ്റുമ്പോഴുള്ള നിരാശ കൂടിയാണ് ഫുട്ബോൾ.


ആറാം കനകക്കിരീടത്തിൽ കാനറികൾ ഇത്തവണ മുത്തമിടുമോ എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ, കാറ്റു പോയ പന്തുപോലെ എവിടെയോ തട്ടിത്തടഞ്ഞിങ്ങനെ ഉരുണ്ടു തെറിച്ചു പോകുന്നുണ്ട്. അനിശ്ചിതത്വമാണ് ഈ കളിയുടെ സൗന്ദര്യമെന്ന് അടിവരയിടുന്നു അത്.


content highlights:worldcup brazil history and hope for 2026

dot image
To advertise here,contact us
dot image