സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ഗതാഗത നിയമങ്ങൾ; സാങ്കേതിക വിദ്യയിലെ വെല്ലുവിളികൾ മറികടക്കുക ലക്ഷ്യം

പുതിയ നിയമപ്രകാരം വാഹന ഉടമകൾക്കും ഓപ്പറേറ്റർമാർക്കും വ്യക്തമായ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നുണ്ട്

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ഗതാഗത നിയമങ്ങൾ; സാങ്കേതിക വിദ്യയിലെ വെല്ലുവിളികൾ മറികടക്കുക ലക്ഷ്യം
dot image

സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ഇത്തരം വാഹനങ്ങൾക്ക് നിയമപരമായ ചട്ടക്കൂട് ഒരുക്കാൻ സൗദി അറേബ്യ. അപകടങ്ങൾ ഉണ്ടായാലുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളും വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള പ്രവർത്തനപരമായ ആവശ്യകതകളും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതിവേഗം പുരോഗമിക്കുന്ന സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യ ഉയർത്തുന്ന നിയമപരവും പ്രവർത്തനപരവുമായ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി മിഡിൽ ഈസ്റ്റ് മേഖലയിൽ നടക്കുന്ന ഏറ്റവും സമഗ്രമായ ശ്രമങ്ങളിലൊന്നാണ് ഗതാഗത നിയമങ്ങളിലെ ഈ പുതിയ ഭേദഗതികൾ. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ആണ് ഈ ഭേദഗതികൾക്ക് അംഗീകാരം നൽകിയത്.

പുതിയ നിയമപ്രകാരം വാഹന ഉടമകൾക്കും ഓപ്പറേറ്റർമാർക്കും വ്യക്തമായ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നുണ്ട്. കൂടാതെ, സ്വതന്ത്രമായി ഡ്രൈവിങ് തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ഇത്തരം വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനായി നിലവിലുള്ള ഗതാഗത നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ ചട്ടക്കൂട് അനുസരിച്ച്, പൂർണ്ണമായും സ്വയം നിയന്ത്രിതമായ വാഹനങ്ങളുടെ ഉടമകൾക്കായിരിക്കും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം. അതായത്, വാഹനമോടിക്കാൻ മനുഷ്യന്റെ ഇടപെടൽ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ, രജിസ്റ്റർ ചെയ്ത വാഹന ഉടമയ്ക്കായിരിക്കും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം. എന്നാൽ, മനുഷ്യന്റെ നിയന്ത്രണമോ ശ്രദ്ധയോ അല്പമെങ്കിലും ആവശ്യമായ വാഹനങ്ങളിൽ, ഡ്രൈവർക്ക് തന്നെയായിരിക്കും ഉത്തരവാദിത്തം. വാഹനം ഉപയോഗിക്കുന്ന സമയത്ത് ബാധകമായ എല്ലാ ഗതാഗത നിയമങ്ങളും ഡ്രൈവർ കൃത്യമായി പാലിക്കേണ്ടതുണ്ട്.

സ്വയം നിയന്ത്രിത വാഹനങ്ങളെ ഔദ്യോഗിക ട്രാഫിക് രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ (രജിസ്ട്രേഷൻ റദ്ദാക്കാൻ) ആഗ്രഹിക്കുന്ന ഉടമകൾ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം. സാങ്കേതികവും നിയമപരവുമായ എല്ലാ ബാധ്യതകളും നിറവേറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

മനുഷ്യൻ്റെ യാതൊരു നിയന്ത്രണവുമില്ലാതെ പൂർണ്ണമായും പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങൾക്ക്, സാധാരണ ഡ്രൈവർ-അംഗീകാര നിബന്ധനകൾ ബാധകമായിരിക്കില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് അടയാളങ്ങൾ, ട്രാഫിക് സിഗ്നലുകൾ, യാത്രാ മുൻഗണനാ നിയമങ്ങൾ, അതുപോലെ തന്നെ അത്യാഹിത വാഹനങ്ങൾക്കും ഔദ്യോഗിക വാഹനവ്യൂഹങ്ങൾക്കും വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നിവ പാലിക്കുന്നത് ഉൾപ്പെടെയുള്ള നിലവിലെ എല്ലാ ഗതാഗത ബാധ്യതകളും സ്വയം നിയന്ത്രിത വാഹനങ്ങൾക്കും ഈ ഭേദഗതികൾ ബാധകമാക്കുന്നു.

ട്രാഫിക് നിയമലംഘനങ്ങൾ, അപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഴകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ, കൂടാതെ സൗദി നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റ് ശിക്ഷാനടപടികൾ എന്നിവയും ഈ പുതുക്കിയ ചട്ടക്കൂടിന് കീഴിൽ ബാധകമായിരിക്കും.

Content HIghlights: Saudi Arabia has unveiled a regulatory framework for driverless vehicles, aiming to facilitate the adoption of autonomous transportation while ensuring road safety and overcoming technological challenges. The move is part of the Kingdom's broader push towards smart mobility and innovation.

dot image
To advertise here,contact us
dot image