

ഇന്ത്യയിൽ നിന്നുള്ള മുളക് ഇറക്കുമതിയിൽ കടുത്ത നിയന്ത്രണവുമായി ചൈന. നിരന്തരമായി മുളക് വാങ്ങുന്ന മൂന്ന് കയറ്റുമതിക്കാരുടെ പക്കൽ നിന്ന് ഇനി മുളക് വാങ്ങേണ്ടെന്ന് ചൈന തീരുമാനിച്ചു. നാഡീവ്യൂഹങ്ങൾക്ക് തകരാറുണ്ടാക്കുന്ന മെത്തമിഡോഫോസ് എന്ന രാസവസ്തു കണ്ടെത്തിയതിനെത്തുടർന്നാണ് ചൈനയുടെ ഈ നീക്കം. കഴിഞ്ഞ മാസം ബസ്മതി ഇതര അരിയുടെ 70 കൺസൈൻമെന്റുകളും ചൈന നിരസിച്ചിരുന്നു. ഇത് പിന്നീട് വലിയ തർക്കങ്ങളിലേക്കും വഴി മാറിയിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അരി, പച്ചമുളക് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഇന്ത്യയിൽ നിന്ന് ഇവ ഏറ്റവും കൂടുതലായി വാങ്ങുന്നത്.
കീടനാശിനികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ചൈന പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും പ്രശസ്തമായ തേജ ഇനം മുളകാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. 1.5 മുതൽ 1.9 ലക്ഷം ടൺ മുളകാണ് ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി വില കുറവായിരുന്നപ്പോൾ ചൈന മുളക് വാങ്ങിക്കൂട്ടിയെന്നും അതിനാൽ ഇനിയുള്ള കയറ്റുമതി മന്ദഗതിയിലാകാമെന്നും റിപ്പോർട്ടുകളുണ്ട്. കീടനാശിനികൾ കണ്ടെത്തിയ മുളകുകൾ ഇതുവരെയ്ക്കും ചൈന തിരിച്ചയച്ചിട്ടില്ല എന്ന് മാത്രമല്ല, അവയിൽ വിലപേശാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ വ്യാപാരികൾക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ നിന്ന് മാത്രമല്ല, യൂറോപ്പിൽ നിന്നും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ നിരസിക്കുന്നതിന്റെ തോത് കൂടിയിട്ടുണ്ട്. 20 ശതമാനമായാണ് നിരക്ക് വർധിച്ചത്. ഇത് ഇന്ത്യൻ കർഷകരെ മറ്റ് വിപണികൾ തേടിപ്പോകാൻ നിർബന്ധിതരാകുകയാണ്.കീടനാശിനി തളിക്കാത്തതും ജൈവവുമായ സുഗന്ധവ്യഞ്ജനങ്ങളോടുള്ള വർധിച്ചുവരുന്ന താത്പര്യം കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യൻ കർഷകരുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് നേപ്പാൾ വിലക്കേർപ്പെടുത്തി എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനയിൽ ഇറക്കുമതി ചെയ്ത മാമ്പഴങ്ങളിൽ മാരകമായ അളവിൽ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ കൃഷി-മൃഗസംരക്ഷണ മന്ത്രാലയത്തിന്റെതായിരുന്നു നടപടി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത തള്ളി നേപ്പാൾ തന്നെ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് ശരിയല്ലെന്നും ഇന്ത്യൻ മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്നും നേപ്പാൾ പറഞ്ഞിരുന്നു.
Content Highlights: China has imposed strict restrictions on chilli imports from India after detecting Methamidophos, a pesticide that can affect the nervous system. Chinese authorities have decided to stop purchasing green chillies from three regular Indian exporters.