സ്ക്രിപ്റ്റിൽ ഇടപെടാൻ തുടങ്ങിയതോടെ വിയോജിപ്പ് ആരംഭിച്ചു, ജയറാമുമായി അകന്നതിന്റെ കാരണം പറഞ്ഞ് രാജസേനൻ

'ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. 'മധുചന്ദ്രലേഖ'യും 'കനകസിംഹാസന'വും കഴിഞ്ഞിട്ട് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പ് ആരംഭിച്ചു'

സ്ക്രിപ്റ്റിൽ ഇടപെടാൻ തുടങ്ങിയതോടെ വിയോജിപ്പ് ആരംഭിച്ചു, ജയറാമുമായി അകന്നതിന്റെ കാരണം പറഞ്ഞ് രാജസേനൻ
dot image

മലയാള സിനിമയിൽ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കോമ്പോ ആയിരുന്നു ജയറാമും സംവിധായകന്‍ രാജസേനനും. ‘മേലേപറമ്പില്‍ ആണ്‍വീട്’, 'സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ്', 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'കടിഞ്ഞൂല്‍' കല്യാണം തുടങ്ങി നിരവധി സിനിമകൾ ഇവർ ഒന്നിച്ചപ്പോൾ സംഭവിച്ചു. ഇതിന് ശേഷം ഇരുവരും തമ്മിൽ അകന്നിരുന്നു. ഇപ്പോഴിതാ ജയറാം ക്ഷണിച്ചിട്ടും തന്റെ മകളുടെ കല്യാണത്തിന് വന്നില്ലെന്നും അദ്ദേഹത്തിന്റെ മക്കളുടെ വിവാഹത്തിന് തന്നെ വിളിച്ചില്ലെന്നും പറയുകയാണ് രാജസേനൻ. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്നെ ആ കല്യാണത്തിന് വിളിക്കാത്തതുകൊണ്ട് പോയില്ല. അത് അത്രയേ ഉള്ളൂ. അതിന് മുമ്പ് എന്റെ മകളുടെ കല്യാണമായിരുന്നു നടന്നത്. അതിന് വിളിച്ചപ്പോള്‍ ജയറാം വന്നിരുന്നില്ല. അയാള്‍ സാമാന്യബുദ്ധിയോടെയാണ് അത് ചെയ്തത്. കാരണം, എന്നെ ഒരു കല്യാണത്തിന് വിളിച്ച് ഞാന്‍ പോയില്ലെങ്കില്‍ പിന്നീട് ഞാന് വിളിക്കുന്ന കല്യാണത്തിന് അയാള്‍ വരുമോ എന്ന് ചിന്തിച്ചാല്‍ മതി.

അത് തന്നെയാണ് ഇവിടെയും നടന്നത്. അതിനെ കുറച്ചുകൂടി എളുപ്പമാക്കിയിട്ട് എന്നെ കല്യാണത്തിന് വിളിച്ചതേയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകള്‍ എന്നോട് ഇതിനെപ്പറ്റി ചോദിക്കാറുണ്ട്. ഇത്ര വിശദീകരിക്കാതെ, സിമ്പിളായി മറുപടി നല്‍കും. ഇനിയും അതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,’ രാജസേനന്‍ പറയുന്നു. സ്ക്രിപ്റ്റിൽ ഇടപെടാൻ തുടങ്ങിയപ്പോഴാണ് ജയറാമുമായി അഭിപ്രായ വ്യത്യസം ആരംഭിച്ചതെന്നും രാജസേനൻ പറഞ്ഞു.

'ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടാറുണ്ട്. ദിലീപിന് അതറിയാം. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ വരുമ്പോള്‍ ഒരു നാലോ അഞ്ചോ വാചകങ്ങള്‍ ചിലപ്പോള്‍ ഫോണില്‍ കൂടിയാണ് ഞാന്‍ പറഞ്ഞുകൊടുക്കുന്നത്. പിന്നെ ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്. 'മധുചന്ദ്രലേഖ'യും 'കനകസിംഹാസന'വും കഴിഞ്ഞിട്ട് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പ് ആരംഭിച്ചു. ‍ഞങ്ങള്‍ ഫോണിലാണ് സംസാരിച്ചത്. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചോദിച്ചു.

അല്ല, ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് എന്നോട് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു. വഴക്കായിട്ടല്ല, സ്നേഹത്തോടെയാണ് പറഞ്ഞത്. ശക്തമായ ഒരു കൂട്ടുകെട്ട് ശകലം അകന്നു എന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ചുമാറ്റിക്കൊണ്ട് പോകാന്‍ ആളുണ്ടാവും. അങ്ങനെ കുറച്ചുപേര്‍ വലിച്ചുമാറ്റിക്കൊണ്ടുപോയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല, ഞാന്‍ അറിഞ്ഞു,' രാജസേനന്‍ പറഞ്ഞു.

Content Highlights: Veteran director Rajasenan has finally spoken about the reasons behind the breakdown of his once-successful association with Jayaram. In a recent interview, Rajasenan said that misunderstandings and interference from others gradually created a rift between them. He revealed that their professional disagreements eventually affected their personal relationship as well.

dot image
To advertise here,contact us
dot image