പണക്കാരുടെ ഓരോ പ്രശ്നങ്ങളെ..: കാർട്ടിയറിന് പിന്നാലെ റോളക്സും വാച്ചുകളുടെ വില വർധിപ്പിച്ചു; കാരണം സ്വർണവില

ശരാശരി 5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്

പണക്കാരുടെ ഓരോ പ്രശ്നങ്ങളെ..: കാർട്ടിയറിന് പിന്നാലെ റോളക്സും വാച്ചുകളുടെ വില വർധിപ്പിച്ചു; കാരണം സ്വർണവില
അജ്മല്‍ എം കെ
3 min read|13 Jun 2026, 02:52 pm
dot image

ലണ്ടൻ: ആഗോള സാമ്പത്തിക മാന്ദ്യവും ലക്ഷ്വറി ഉൽപന്നങ്ങളുടെ വിപണിയിലെ ഇടിവ് തുടരുമ്പോഴും പ്രമുഖ വാച്ച് നിർമ്മാതാക്കളായ റോളക്സ് ഗോള്‍ഡ് വാച്ചുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. ഈ മാസം മുതൽ സ്വർണ്ണ വാച്ചുകളുടെ ആഗോള വിലയിൽ ശരാശരി 5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഈ വർഷം ഇത് രണ്ടാം തവണയാണ് റോളക്സ് തങ്ങളുടെ വാച്ചുകളുടെ വില വർധിപ്പിക്കുന്നത്. ജനുവരിയിൽ ശരാശരി 6.2% എന്ന നിരക്കിലായിരുന്നു വില വർധിപ്പിച്ചിരുന്നത്.

ആറുമാസത്തിനിപ്പുറം വീണ്ടുമൊരിക്കല്‍ കൂടിയുള്ള വർധനവ് ഡീലർമാരേയും വിപണി വിദഗ്ധരേയും ഒരുപോലെ അമ്പരിപ്പിച്ചിട്ടുമുണ്ട്. "ഇതാരും പ്രതീക്ഷിച്ചതല്ല," എന്നാണ് യു.എസ് പ്രീ-ഓൺഡ് വാച്ച് ഡീലറായ ബോണറ്റാ ഇങ്കിന്റെ എറിക് ബോണറ്റാ വ്യക്തമാക്കിയത്.

സാധാരണക്കാരായ ഉപഭോക്താക്കൾ ലക്ഷ്വറി ഉൽപന്നങ്ങൾക്കായി പണം ചിലവഴിക്കുന്നത് കുറച്ചിട്ടുണ്ടെങ്കിലും, അതിസമ്പന്നർ ഇത്തരം പ്രീമിയം വാച്ചുകളെ വലിയൊരു നിക്ഷേപമായാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഉയർന്ന വിലയിലും ഇത്തരം വാച്ചുകൾ വിറ്റഴിക്കാൻ കമ്പനികൾക്ക് സാധിക്കുന്നത്. റോളക്സിന് പുറമെ മറ്റൊരു പ്രമുഖ ബ്രാൻഡായ കാർട്ടിയറും തങ്ങളുടെ ഗോള്‍ഡ് വാച്ചുകളുടെ വിലയിൽ കഴിഞ്ഞ മാസം 10% വരെ വർദ്ധനവ് വരുത്തിയിരുന്നു. സ്വർണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും കറൻസി മൂല്യങ്ങളിലെ വ്യതിയാനവുമാണ് വില കൂട്ടാൻ കാരണമെന്നാണ് കാർട്ടിയറിന്റെ മാതൃ കമ്പനിയായ റിച്ചെമോണ്ട് വ്യക്തമാക്കുന്നത്.

കുതിച്ചുയരുന്ന സ്വർണ്ണവില

കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്വർണ്ണവിലയിലുണ്ടായ വൻ വർദ്ധനവാണ് വാച്ച് കമ്പനികളെ വില കൂട്ടാൻ പ്രേരിപ്പിച്ചത്. റോളക്സ്, കാർട്ടിയർ, എൽവിഎംഎച്ച് , ബ്രെറ്റ്‌ലിംഗ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഗോള്‍ഡ് വാച്ചുകൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% മുതൽ 6% വരെ വില കൂടിയിട്ടുണ്ടെന്ന് ലക്ഷ്വറി റിസർച്ച് സ്ഥാപനമായ 'ഡാറ്റാ ആൻഡ് ഡാറ്റ' വ്യക്തമാക്കുന്നു.

ചില പ്രത്യേക മോഡലുകൾക്ക് വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉദാഹരണത്തിന്, ഹോളിവുഡ് താരം പോൾ ന്യൂമാൻ ധരിച്ച് പ്രശസ്തമാക്കിയ റോളക്സിന്റെ 'കോസ്മോഗ്രാഫ് ഡേടോണ' (Cosmograph Daytona) വൈറ്റ് ഗോൾഡ് പതിപ്പിന് ഇപ്പോൾ യുഎസിൽ 59,100 ഡോളറാണ് വില. ഈ വർഷം മാത്രം ഇതിന് 14 ശതമാനവും, മുൻവർഷങ്ങളെ അപേക്ഷിച്ച് 33 ശതമാനവും വില വർദ്ധിച്ചു.

20000 സ്വിസ് ഫ്രാങ്കിന് മുകളിൽ വിലവരുന്ന ലക്ഷ്വറി വാച്ചുകളുടെ സ്വിറ്റ്സർലൻഡിൽ നിന്നുള്ള കയറ്റുമതി കോവിഡിന് മുൻപുള്ള കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വർദ്ധിച്ചതായും പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആഗോളതലത്തിൽ ലക്ഷ്വറി വിപണിയിലെ 'രാജാവ്' തങ്ങൾ തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് റോളക്സ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ. അതേസമയം വിലവർദ്ധനവിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ റോളക്സ് തയ്യാറായിട്ടില്ല.

Content Highlights: Rolex has joined Cartier in raising the prices of its gold watches as the cost of gold continues to rise. The move reflects the impact of higher precious metal prices on luxury goods manufacturing, with watchmakers passing on part of the increased production costs to consumers in the premium segment.

dot image
To advertise here,contact us
dot image