ലോകകപ്പ് കഴിഞ്ഞിട്ടും വിവാദം തീരുന്നില്ല; അര്‍ജന്റീനയെ ഫിഫ സഹായിച്ചെന്ന് IFAB

സ്വിറ്റ്സര്‍ലന്‍ഡ് താരത്തിന്റെ ചുവപ്പ് കാര്‍ഡ് തെറ്റാണെന്ന് ഫുട്‌ബോള്‍ നിയമനിര്‍മാണ സമിതി കണ്ടെത്തല്‍

ലോകകപ്പ് കഴിഞ്ഞിട്ടും വിവാദം തീരുന്നില്ല; അര്‍ജന്റീനയെ ഫിഫ സഹായിച്ചെന്ന് IFAB
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് റഫറിമാരുടെയും ഫിഫയുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് വീണ്ടും ആക്കം കൂട്ടി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ (IFAB) പുതിയ വെളിപ്പെടുത്തല്‍. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് മുന്നേറ്റ താരം ബ്രീല്‍ എംബോളോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഫുട്‌ബോള്‍ നിയമനിര്‍മ്മാണ സമിതിയായ ഐഎഫ്എബി വ്യക്തമാക്കി.

മത്സരത്തിന്റെ 72-ാം മിനിറ്റില്‍ കളി 1-1 എന്ന നിലയില്‍ നില്‍ക്കെയാണ് വിവാദ സംഭവം നടക്കുന്നത്. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരെഡെസിന്റെ ടാക്കിളില്‍ എംബോളോ വീണപ്പോള്‍ റഫറി പരെഡെസിന് മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ വിഎആര്‍ റിവ്യൂവിലൂടെ നല്‍കിയ നിര്‍ദ്ദേശപ്രകാരം പരെഡെസിന്റെ കാര്‍ഡ് റദ്ദാക്കുകയും ഡൈവിംഗ് നടത്തി എന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും നല്‍കി പുറത്താക്കുകയുമായിരുന്നു.

നിലവിലെ നിയമമനുസരിച്ച്, തെറ്റായ കളിക്കാരനാണ് റഫറി കാര്‍ഡ് നല്‍കിയതെങ്കില്‍ അത് തിരുത്താന്‍ മാത്രമാണ് വിഎആര്‍ ഇടപെടേണ്ടത്. എന്നാല്‍ ഒരു കളിക്കാരന്‍ നടത്തിയ ഫൗള്‍ റദ്ദാക്കി മറ്റൊരു കളിക്കാരന് ഡൈവിംഗിന് പുതിയ കാര്‍ഡ് നല്‍കാന്‍ ഈ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ല. ഐഎഫ്എബി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും അന്നത്തെ വിഎആര്‍ ഇടപെടല്‍ പ്രോട്ടോക്കോളിന് വിരുദ്ധമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 10 പേരുമായി ചുരുങ്ങിയ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ എക്‌സ്ട്രാ ടൈമില്‍ 3-1 ന് വിജയിച്ചാണ് അര്‍ജന്റീന സെമിഫൈനലിലേക്ക് മുന്നേറിയത്. ഈ ചുവപ്പ് കാര്‍ഡ് തീരുമാനമാണ് കളിയുടെ ഗതി മാറ്റിയതെന്നും തങ്ങളെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കാന്‍ കാരണമായതെന്നും സ്വിസ് പരിശീലകന്‍ മുറാത് യാക്കിന്‍ നേരത്തെ ആരോപിച്ചിരുന്നു.


ലോകകപ്പിലുടനീളം ഈജിപ്ത്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ എതിര്‍ ടീമുകള്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് പരസ്യമായി പരാതിപ്പെട്ടിരുന്നു. തങ്ങളുടെ ഒമ്പതാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറാന്‍ അര്‍ജന്റീനയ്ക്ക് ഈ തീരുമാനങ്ങള്‍ വഴിയൊരുക്കിയെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് ഐഎഫ്എബിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഫൈനലില്‍ സ്‌പെയിനോട് തോറ്റാണ് അര്‍ജന്റീന റണ്ണറപ്പായത്.

content highlights: Controversy Persists Post World Cup: Strong Allegations of Referee Bias Favouring Argentina

dot image
To advertise here,contact us
dot image