നിക്ഷേപം വര്‍ധിപ്പിച്ച് കോള്‍ ഇന്ത്യ; റെയില്‍വേ അടിസ്ഥാനസൗകര്യത്തിനായി ചെവഴിച്ചത് 754 കോടി

ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 804 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ചെലവഴിച്ചത്

നിക്ഷേപം വര്‍ധിപ്പിച്ച് കോള്‍ ഇന്ത്യ; റെയില്‍വേ അടിസ്ഥാനസൗകര്യത്തിനായി ചെവഴിച്ചത് 754 കോടി
dot image

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂലധന ചെലവ് 3,399 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 2,914 കോടി ആയിരുന്നു. ക്യാപെക്‌സില്‍ 16.64 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 804 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ചെലവഴിച്ചത്. ആകെ ക്യാപെക്‌സിന്റെ ഏകദേശം 25% വും ഇതിനായി ചെലവഴിച്ചു. ഖനന പദ്ധതികള്‍ ആരംഭിക്കാനും വികസിപ്പിക്കാനും ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമായതിനാല്‍ ഈ മേഖലയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിനായി 949 കോടിയും കമ്പനി ചെലവഴിച്ചു. റെയില്‍വേ സൈഡിംഗുകളും റെയില്‍ കോറിഡോറുകള്‍ക്കുമായി 754 കോടി, കല്‍ക്കരി കൈകാര്യം ചെയ്യുന്ന പ്ലാന്റുകള്‍, സൈലോകള്‍, വെയ്ബ്രിഡ്ജുകള്‍, റോഡുകള്‍ എന്നിവയ്ക്കായി 195 കോടി എന്നിങ്ങനെയാണ് ചിലവഴിച്ചത്.

പ്ലാന്റിനും മെഷിനറികള്‍ക്കുമായി 819 കോടിയാണ് കമ്പനി ഒന്നാം പാദത്തില്‍ ചെലവഴിച്ചത്. ഹെവി എര്‍ത്ത് മൂവിംഗ് മെഷിനറികളുടെ വാങ്ങല്‍, വാഷറികളുടെ നിര്‍മ്മാണവും വികസനവും, മറ്റ് പ്ലാന്റ്, ഉപകരണങ്ങള്‍ എന്നിവയ്ക്കായി വലിയ തോതിലുള്ള നിക്ഷേപം നടത്തി.

ഊര്‍ജ മേഖലയിലേക്കുള്ള വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി, സോളാര്‍ പദ്ധതികള്‍ക്ക് 278 കോടിയും സംയുക്ത സംരംഭങ്ങള്‍ക്കായി 207 കോടിയും ചെലവഴിച്ചു. ഇത് നവീകരണ ഊര്‍ജ മേഖലയിലും അനുബന്ധ ബിസിനസുകളിലും കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളനുസരിച്ച് കോള്‍ ഇന്ത്യ 19,607 കോടി രൂപയുടെ മൂലധന ചെലവ് നടത്തി. ഇത് കമ്പനിയുടെ വാര്‍ഷിക ലക്ഷ്യമായ 16,000 കോടിയെ മറികടന്ന നേട്ടമായിരുന്നു.

Content Highlights: Coal India's capital expenditure rose 16.64% year-on-year to ₹3,399 crore in Q1 FY2026-27, driven primarily by investments in land acquisition, coal evacuation infrastructure, and plant & machinery

dot image
To advertise here,contact us
dot image