ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഉച്ചത്തിൽ പാട്ടുകൾ വേണ്ട, ഹെഡ്ഫോണുകൾ മസ്റ്റ്

എല്ലാ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും ഇത് നിർബന്ധമാണ്

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഉച്ചത്തിൽ പാട്ടുകൾ വേണ്ട, ഹെഡ്ഫോണുകൾ മസ്റ്റ്
dot image

ചെന്നൈ: സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. മൊബൈൽ ഉപയോഗിക്കുന്നവർ ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്നാണ് കർശന നിർദേശം. ബസുകളിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിലും വിലക്കുണ്ട്. മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പാടില്ലെന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്.

പൊതുഗതാഗത സംവിധാനത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുകയും ഫോണുപയോഗിക്കുകയും ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിലാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഉച്ചത്തിൽ പാട്ടുവയ്ക്കുക, സ്പീക്കറിൽ സംസാരിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 2,500രൂപ പിഴയീടാക്കുമെന്നാണ് സിഎംആർഎൽ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ബസുകളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും ഇത് നിർബന്ധമാണ്. ഉച്ചത്തിൽ സംസാരിക്കുന്നതും സ്പീക്കർ മോഡ് ഉപയോഗിക്കുന്നതിലുമുള്ള വിലക്കിന് പുറമേ ഫോണിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് വയ്ക്കുക, വീഡിയോ കാണുക എന്നിവയ്ക്കും വിലക്കുണ്ട്.

പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് ഗതാഗത വകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ബസിൽ ഡ്രൈവർമാർ വലിയ ശബ്ദത്തിൽ പാട്ടുകൾ വയ്ക്കരുത്, യാത്രക്കാർ സ്പീക്കറിൽ ഉറക്കെ സംസാരിക്കരുത്, ഉറക്കെ വാർത്തയും പാട്ടുകളും കേൾക്കുകരുത്, ബസിലെ ജീവനക്കാർ അവബോധം വളർത്താൻ യാത്രക്കാരോട് സംവദിക്കുക്കുകയും അവബോധ സ്റ്റിക്കറുകൾ പതിക്കുകയും വേണമെന്നാണ് ഗതാഗത സെക്രട്ടറി നിർമൽ രാജ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. എന്നാൽ ഈ നിർദേശങ്ങൾ ലംഘിച്ചാൽ പിഴയീടാക്കുമോ എന്ന കാര്യത്തിൽ സർക്കുലറിൽ വ്യക്തതയില്ല.

മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ഓൾ തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻസ് എന്നിവയുടെ മാനേജിങ് ഡയറക്ടർമാർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

24സെന്റിമീറ്റർ നീളവും 16 സെന്റീമീറ്റർ വീതിയുമുള്ള സ്റ്റിക്കറുകൾ ബസിന്റെ മുൻവശത്തെയും നടുവിലെയും പിറകിലെയും പ്രവേശന കവാടത്തിൽ പതിക്കണം. സ്റ്റിക്കറുകളിൽ സ്പീക്കർ മോഡ് പാടില്ല, ദയവായി ഇയർഫോൺ/ ഹെഡ്‌ഫോൺ എന്നിവ ഉപയോഗിക്കുക, മറ്റ് യാത്രക്കാരെ ബഹുമാനിക്കുക, ബഹളമില്ലാത്ത യാത്ര - സുരക്ഷിത യാത്ര എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ഉണ്ടാകണമെന്നുമാണ് നിർദേശം. യാത്രക്കാർ ബുദ്ധിമുണ്ടാകുന്ന തരത്തിൽ പെരുമാറുന്നത് 1989ലെ തമിഴ്‌നാട് മോട്ടോർ വാഹന പെരുമാറ്റച്ചട്ട പ്രകാരം ശിക്ഷാർഹമെന്ന് സർക്കുലറിൽ പറയുന്നു. മറ്റുള്ളവരെയും പരിഗണിച്ച് വേണം യാത്ര ചെയ്യണം എന്നും നിർദേശമുണ്ട്.

Content Highlights: The Tamil Nadu government has introduced a code of conduct for bus passengers. The guidelines prohibit playing loud music inside buses and require passengers to use headphones while listening to audio. The move aims to improve comfort and maintain a better travel environment in public transport.

dot image
To advertise here,contact us
dot image