

ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ കഠിനപോരാട്ടത്തിലൂടെ വിജയിച്ചതിന് പിന്നാലെ, അര്‍ജന്റീന ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമി ഫൈനലില്‍ ഇടംപിടിച്ചതിന് ശേഷമായിരുന്നു മെസ്സിയുടെ പ്രതികരണം. കന്‍സാസ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1 ന് പരാജയപ്പെടുത്തിയതിന് ശേഷം മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. 'മറ്റൊരു കടുത്ത പോരാട്ടം കൂടി നമുക്ക് നേരിടേണ്ടി വന്നു, എന്നാല്‍ ഈ ടീം ഒരിക്കലും പ്രതീക്ഷ കൈവിടില്ല. നമ്മള്‍ വീണ്ടും ലോകത്തിലെ മികച്ച നാല് ടീമുകളില്‍ ഒന്നായിരിക്കുന്നു! നമുക്ക് മുന്നോട്ട് പോകാം' -മെസ്സി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ഇന്‍സ്റ്റയില്‍ കുറിച്ചു.
ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ സ്വിസ് പടയെ മറികടന്നാണ് അര്‍ജന്റീന അവസാന നാലില്‍ ഇടംനേടിയത്. സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
അര്‍ജന്റീന-സ്വിസ് പോര്
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റം നടത്തി. പത്താം മിനിറ്റില്‍ മെസ്സിയുടെ കോര്‍ണര്‍ കിക്ക് തലകൊണ്ട് തൊടുത്ത് അലക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ശക്തമായി തിരിച്ചടിച്ചു. 67-ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസിന്റെ പാസില്‍ നിന്ന് ഡാന്‍ എന്‍ഡോയ് സ്വിറ്റ്‌സര്‍ലന്‍ഡിനായി സമനില ഗോള്‍ നേടി. അതേസമയം, സ്വിസ് താരം ബ്രീല്‍ എംബോളോ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ മത്സരം അര്‍ജന്റീനയ്ക്ക് അനുകൂലമായി. എങ്കിലും നിശ്ചിത സമയത്ത് സ്വിസ് പ്രതിരോധം തകര്‍ക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ 112-ാം മിനിറ്റില്‍ ബോക്‌സിന് വെളിയില്‍ നിന്നുള്ള ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ലൗട്ടാറോ മാര്‍ട്ടിനെസ് മൂന്നാമത്തെ ഗോളും നേടി അര്‍ജന്റീനയുടെ വിജയമുറപ്പിച്ചു.
റെക്കോഡ് മിനുക്കി മെസ്സി
മത്സരത്തില്‍ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ (10 എണ്ണം) നല്‍കുന്ന കളിക്കാരന്‍ എന്ന സ്വന്തം റെക്കോഡ് മെസ്സി കൂടുതല്‍ മെച്ചപ്പെടുത്തി. ഈ 10 അസിസ്റ്റുകളും 10 വ്യത്യസ്ത സഹതാരങ്ങള്‍ക്കാണ് മെസ്സി നല്‍കിയിട്ടുള്ളത്. എട്ട് അസിസ്റ്റുകള്‍ നല്‍കിയ ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസ്സി മറികടന്നിരുന്നത്.
ഈ ലോകകപ്പില്‍ മാത്രം 10 ഗോള്‍ പങ്കാളിത്തങ്ങള്‍ (ഗോളും അസിസ്റ്റും) മെസ്സി പൂര്‍ത്തിയാക്കി. കഴിഞ്ഞ നാല് ലോകകപ്പ് പതിപ്പുകളില്‍ അര്‍ജന്റീന സെമി ഫൈനലില്‍ പ്രവേശിക്കുന്നത് ഇത് മൂന്നാം തവണയാണ്. 2014-ല്‍ ഫൈനലില്‍ എത്തിയ അവര്‍ 2022-ല്‍ കിരീടം ചൂടിയിരുന്നു. ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട 13 മത്സരങ്ങളില്‍ അര്‍ജന്റീന നേടുന്ന 11-ാമത്തെ വിജയമാണിത്.
content highlights: 'This team will never lose hope'; Lionel Messi after securing a spot in the World Cup Semifinals