

ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്). കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന ത്രിദിന യോഗത്തിന്റെ സമാപന വേളയിലായിരുന്നു ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ അയോധ്യ സംഭാവനക്കൊള്ളയിൽ പ്രതികരണം നടത്തിയത്.
ഇത്തരം സംഭവങ്ങൾ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് ജാഗ്രത പാലിക്കണമെന്നും ക്ഷേത്രത്തിലെ സംഭാവനകള്‍ മോഷ്ടിക്കപ്പെട്ടത് ലോകത്താകമാനമുള്ള രാമഭക്തരുടെ വിശ്വാസം, ഭക്തി, വികാരം എന്നിവയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും ആര്‍എസ്എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉപാധ്യക്ഷന്‍ ദത്താത്രേയ ഹൊസബാലേ ഉള്‍പ്പെടെ ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രാന്ത് പ്രചാരക് യോഗത്തില്‍ 226ഓളം നേതാക്കളാണ് പങ്കെടുത്തത്.
എല്ലാ തവണയും ഈ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് നേതാക്കള്‍ കാണാറുണ്ടെങ്കിലും ഇത്തവണ അത് ഒഴിവാക്കി. ആര്‍എസ്എസ് പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സുനില്‍ അംബേദ്ക്കര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കുക മാത്രമാണ് ചെയ്തത്. ഉത്തര്‍പ്രദേശിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ടെന്നാണ് വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. കര്‍ശനമായ നടപടികളും എല്ലാ പഴുതുകളും അടച്ചതുമായ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ക്ഷേത്രത്തില്‍ ഉറപ്പാക്കണമെന്ന് ശ്രീരാം ജന്മഭൂമി തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റിനോട് വാര്‍ത്താ കുറിപ്പിലൂടെ ആർഎസ്എസ് നേതൃത്വം പ്രത്യേകമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് യോഗത്തില്‍ പ്രധാനമായും വിലയിരുത്തിയത്. ദുരന്തനിവാരണം, പാരിസ്ഥിതിക, ഗ്രാമീണ മേഖലയിലെ വികസനം, ജനങ്ങളുമായുള്ള സമ്പര്‍ക്കം, സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്‍പ്പെടെ 18,842 വോളന്റിയര്‍മാര്‍ക്ക് പരിശീലനം ഉറപ്പാക്കി. വരുന്ന സെപ്തംബറില്‍ ശാഖകളില്‍ വിപുലീകരണം ഉണ്ടാകുമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിന് പുറമേ സംഘടനയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.
Content Highlights: Ayodhya Ram Temple, Ram Mandir theft, RSS statement, Ayodhya news, temple incident, Ram Temple security, India news, religious news, RSS reaction, national news