മാസം 1 ലക്ഷം രൂപയാണോ ശമ്പളം: അത് വലിയൊരു സാമ്പത്തിക കെണി; വിവരിച്ച് യുവതി; പിന്നാലെ വന്‍ ചർച്ച

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിധി ഈ വേറിട്ട കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്

മാസം 1 ലക്ഷം രൂപയാണോ ശമ്പളം: അത് വലിയൊരു സാമ്പത്തിക കെണി; വിവരിച്ച് യുവതി; പിന്നാലെ വന്‍ ചർച്ച
dot image

ന്യൂഡൽഹി: കാലങ്ങളായി ശരാശരി ഇന്ത്യന്‍ യുവാക്കളുടെ വലിയ സ്വപ്നങ്ങളിലൊന്ന് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ഒരു ജോലിയാണ്. സാമ്പത്തിക ഭദ്രതയുടെയും വിജയത്തിന്റെയും അടയാളമായി കണക്കാക്കപ്പെട്ടിരുന്ന ഈ വരുമാന പരിധി, യഥാർത്ഥത്തിൽ മനുഷ്യന്റെ വളർച്ചയെ തളർത്തുന്ന ഒരു "വലിയ കെണി" ആണെന്ന വാദവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നിധി കുശ്വാഹ എന്ന യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിധി ഈ വേറിട്ട കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്.

കംഫർട്ട് സോൺ നൽകുന്ന കപട സുരക്ഷിതത്വം

ഒരു ലക്ഷം രൂപ മാസശമ്പളം ഒരാൾക്ക് മികച്ച സാമ്പത്തിക സുരക്ഷിതത്വവും ആശ്വാസവും നൽകുമെന്നത് ശരിയാണെങ്കിലും, അത് കൂടുതൽ ഉയരങ്ങളിലേക്ക് ചിന്തിക്കാനുള്ള മനുഷ്യന്റെ പ്രേരണയെ ഇല്ലാതാക്കുമെന്നാണ് നിധി വാദിക്കുന്നത്. ഇന്നത്തെ കാലത്ത് ഒരു ലക്ഷം രൂപ വരുമാനമുണ്ടെങ്കിൽ സുഖകരമായി വീട്ടുവാടക നൽകാനും, ബില്ലുകൾ അടയ്ക്കാനും, വാരാന്ത്യ ആഘോഷങ്ങൾക്കും, വർഷത്തിൽ ഒന്നോ രണ്ടോ യാത്രകൾക്കുമൊക്കെ സാധിക്കും. എന്നാൽ ഇതാണ് ഇതിന്റെ അപകട വശമെന്ന് നിധി ചൂണ്ടിക്കാണിക്കുന്നു.

ഈ വരുമാനം തരുന്ന സുഖസൗകര്യങ്ങൾ മനുഷ്യനെ വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ നിന്നും പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കും. കരിയർ മാറ്റാനോ, സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കാനോ അല്ലെങ്കിൽ ജീവിതത്തിൽ മറ്റ് റിസ്കുകൾ എടുക്കാനോ ഉള്ള താല്പര്യം ഇതോടെ പതുക്കെ ഇല്ലാതാകുന്നു.

"മാസം ഒരു ലക്ഷം രൂപ എന്നത് ഒരു സുരക്ഷിതത്വ ബോധം നൽകുന്നു. അത് തന്നെയാണ് ഇതിന്റെ യഥാർത്ഥ പ്രശ്നവും. ഭൂരിഭാഗം ആളുകളും വർഷങ്ങളോളം ഒരേ നിലയിൽ തുടരുന്നത് അവരുടെ കഴിവിൻ്റെ കുറവ് കൊണ്ടല്ല, മറിച്ച് ജീവിതത്തിൽ പ്രതിസന്ധികളോ അസ്വസ്ഥതകളോ ഇല്ലാത്തത് കൊണ്ടാണെന്നും (Lack of discomfort)," നിധി ഇൻസ്റ്റാഗ്രാം വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

അനുകൂലിച്ചും പ്രതികൂലിച്ചും

നിധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ ഒരു ലക്ഷം രൂപയ്ക്ക് പണ്ടത്തെപ്പോലെ വലിയ സാമ്പത്തിക മൂല്യമില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. സുഖസൗകര്യങ്ങൾ മനുഷ്യനെ അലസനാക്കുമെന്ന നിധിയുടെ നിരീക്ഷണത്തോട് ഇവർ യോജിക്കുന്നു.

അതേസമയം, ജീവിതത്തിലെ വളർച്ച എന്നത് എപ്പോഴും പണത്തിന് പിന്നാലെ പായുകയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നതുതന്നെ ജീവിതത്തിലെ വലിയൊരു ലക്ഷ്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. "ഇൻസ്റ്റാഗ്രാമിലെ ഇത്തരം ഉപദേശങ്ങളിൽ വീണുപോകരുത്. കഠിനാധ്വാനം ചെയ്താണ് നിങ്ങൾ ഈ തുകയിലെത്തിയത്. ആ പണം വിവേകത്തോടെ ഉപയോഗിക്കാനും നിക്ഷേപിക്കാനും പ്രിയപ്പെട്ടവരോടൊപ്പം ആസ്വദിക്കാനുമുള്ള പൂർണ്ണ അധികാരം നിങ്ങൾക്കുണ്ട്." എന്നാണ് ഒരാള്‍ കുറിക്കുന്നത്.

Content Highlights: A young woman's argument that a ₹1 lakh monthly salary can become a financial trap has triggered widespread debate. She highlighted how lifestyle inflation, rising expenses, EMIs, and social expectations can reduce savings despite a high income. The discussion has divided social media users over whether earning more automatically leads to financial security.

dot image
To advertise here,contact us
dot image