

ടെകനോളജി വളര്‍ന്നപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അറിയുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ ജോലിയുള്ളൂവെന്നതാണ് പലരുടേയും ഉത്കണ്ഠ. എന്നാലിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും തൊഴിലവസരങ്ങളിലെന്ന് തുറന്നു പറയുകയാണ് ഒരു എന്‍ആര്‍ഐ യുവാവ്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് യുകെയില്‍ താമസിക്കുന്ന താന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എട്ട് മാസത്തെ നിരന്തര ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിരവധി ആളുകളുമായി ബന്ധപ്പെടുകയും, ഹാക്കത്തോണുകളില്‍ പങ്കെടുക്കുകയും, വിവിധ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയ മികച്ച ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ നിലനിര്‍ത്തുകയും ചെയ്തിട്ടും പ്രാഥമിക സ്‌ക്രീനിങ് ഘട്ടങ്ങള്‍ പോലും മറികടക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നിലവില്‍ ഒരു ഫുള്‍ടൈം ജോലി ചെയ്യുന്നുണ്ടെങ്കിലും അത് സ്വന്തം മേഖലയുമായി ബന്ധപ്പെട്ടതല്ലെന്നും, ജീവിതച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ ശമ്പളം ഇന്ത്യയേക്കാള്‍ കുറവാണെന്നും അദ്ദേഹം റെഡിറ്റ് പോസ്റ്റില്‍ കുറിച്ചു.
ഞാനിവിടെ ഫുള്‍ടൈം ജോലി ചെയ്യുന്നുണ്ട്, എന്നാല്‍ അത് എന്റെ മേഖലയുമായി ബന്ധപ്പെട്ടതല്ല. ഇവിടെ ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ യുകെയിലെ ശമ്പളം ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. യുകെയില്‍ തനിക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അനുഭവം മാത്രമാണുള്ളതെന്നും, അടുത്ത മാസം ഇന്ത്യയിലേക്ക് മടങ്ങി അവിടെ ജോലി അന്വേഷിക്കാനാണ് പദ്ധതിയെന്നും ടെക്കി വ്യക്തമാക്കി.
എന്നാല്‍ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ യുവാവിന് പിന്തുണയുമായി എത്തി. പരാജയമായി കാണാതെ പുതിയ തുടക്കമായി ഇന്ത്യയിലേക്ക് മടങ്ങാനും ശ്രമങ്ങള്‍ തുടരാനും പലരും ഉപദേശിച്ചു. യുകെയില്‍ നിന്നുതന്നെ ഒരു ജോലി ഓഫര്‍ നേടാന്‍ ശ്രമിക്കാനും ബുദ്ധിമുട്ടാണെങ്കിലും അത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഐടി മേഖലയില്‍ വിദേശ പരിചയത്തിന് എല്ലായ്‌പ്പോഴും വലിയ പ്രാധാന്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Content Highlights: A UK-based AI graduate is considering returning to India after eight months of unsuccessful job hunting despite completing a master's degree, networking extensively, and building a strong project portfolio