ആ​ഗോള സുരക്ഷാ സൂചികയിൽ ചരിത്ര നേട്ടവുമായി ഒമാൻ; ലോകരാജ്യങ്ങളെ പിന്നിലാക്കി വൻ മുന്നേറ്റം

രാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആഗോള തലത്തിലെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് യുഎസ് ന്യൂസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആ​ഗോള സുരക്ഷാ സൂചികയിൽ ചരിത്ര നേട്ടവുമായി ഒമാൻ; ലോകരാജ്യങ്ങളെ പിന്നിലാക്കി വൻ മുന്നേറ്റം
dot image

അമേരിക്കൻ മാധ്യമമായ 'യുഎസ് ന്യൂസ്' പുറത്തുവിട്ട 2026-ലെ ആഗോള പൊതുസുരക്ഷാ റാങ്കിങ്ങിൽ ഒമാന് ചരിത്ര നേട്ടം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമെന്ന നേട്ടമാണ് ഒമാൻ സ്വന്തമാക്കിരിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനും യാത്ര ചെയ്യാനുമുള്ള മികച്ച അന്തരീക്ഷമാണ് ഒമാനിലുള്ളതെന്ന് അടിവരയിടുന്നതാണ് ഈ പുതിയ ആഗോള അംഗീകാരം.

പട്ടികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. രണ്ടാം സ്ഥാനത്ത് ഒമാനും മൂന്നാം സ്ഥാനത്ത് ജപ്പാനും ഇടംപിടിച്ചു. മറ്റൊരു ഗൾഫ് രാജ്യമായ ഖത്തറാണ് നാലാം സ്ഥാനത്തുള്ളത്. വിയറ്റ്നാം, ഹംഗറി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്. രാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആഗോള തലത്തിലെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് യുഎസ് ന്യൂസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൊതുസുരക്ഷയുടെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനത്തെ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. സിംഗപ്പൂർ, ഒമാൻ, ജപ്പാൻ എന്നിവരാണ് ഈ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഈ റാങ്കിങ് രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം പരിശോധിച്ചാണ് ഈ വിലയിരുത്തൽ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച രാഷ്ട്രീയ സ്ഥിരത, എല്ലാവരെയും സ്വാഗതം ചെയ്യുന്ന സാമൂഹിക അന്തരീക്ഷം എന്നിവയിലൂടെ ഒമാൻ നേരത്തെ തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള രാജ്യമാണ്. സമാധാനപരവും സുരക്ഷിതവുമായ ജീവിതവും തൊഴിൽ സാഹചര്യവും ആഗ്രഹിക്കുന്ന നിക്ഷേപകർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറ്റവും പ്രിയപ്പെട്ട ഇടമായി ഒമാൻ മാറിക്കഴിഞ്ഞു. മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും ഒമാന്റെ സുരക്ഷാ പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ പുതിയ നേട്ടം.

Content Highlights: Oman has recorded a major achievement in the global security index, showing remarkable progress in safety and stability rankings. The country’s improved position highlights its strong security measures and peaceful environment.

dot image
To advertise here,contact us
dot image