

മലയാളികളെ തീയേറ്ററില്‍ കുടുകുടെ ചിരിപ്പിച്ച ചിത്രമായിരുന്നു ഹാപ്പി ഹസ്ബന്റ്‌സ്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സജി സുരേന്ദ്രനാണ്. ജയറാം, ഇന്ദ്രജിത്ത്, ഭാവന, സലിം കുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടയാ ഒരു സംഭവം പങ്കുവയ്ക്കുകയാണ് നടി ഭാവന. ഫ്രെയിമെക്‌സ് സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
'ഹാപ്പി ഹസ്ബന്‍ഡ്‌സിലെ കുറേ സീനുകള്‍ ഞങ്ങള്‍ തായ്ലന്‍ഡിലാണ് ഷൂട്ട് ചെയ്തത്. ഫ്രീ ടൈമില്‍ ഞാനും ജയറാമേട്ടനുമൊക്കെ കൂടി ഭിക്ഷ യാചിക്കാന്‍ പോയി. വെറുതേ ഒരു പ്ലാനൊക്കെയിട്ട്. ഞാനും ജയറാമേട്ടനുമൊക്കെ കൂടി പാട്ട് പാടി, ഡാന്‍സ് കളിച്ച് പൈസ ചോദിച്ചു. അവിടെയുള്ളവര്‍ക്ക് നമ്മളെയൊന്നും അറിയില്ലല്ലോ. ഞങ്ങള്‍ക്ക് പൈസയൊക്കെ കിട്ടി.
ജയറാമേട്ടനും ഞാനും. അത്യാവശ്യം അറിയപ്പെടുന്ന രണ്ട് അഭിനേതാക്കളാണ്. വെറുതെ ലൊക്കേഷനില്‍ ഫ്രീയായിട്ട് ഇരിക്കുമ്പോള്‍ നമുക്ക് പിച്ചയെടുക്കാന്‍ പോയാലോ എന്ന് ജയറാമേട്ടന്‍ ചോദിച്ചു. ബാക്കിയുള്ളവര്‍ എന്താ എന്ന് ചോദിക്കുമ്പോഴേക്കും ഞാന്‍ ചാടിയെഴുന്നേറ്റ് ഓക്കെ എന്ന് പറഞ്ഞു. അങ്ങനെ പോകുന്നു.

പിന്നെ ഞങ്ങളിവിടെ നിലത്തിരുന്ന് കയ്യില്‍ കിട്ടിയ എന്തോ സാധനം എടുത്ത് തട്ടി. പിച്ച വച്ച നാള്‍ മുതല്‍ക്ക്… എന്ന പാട്ടൊക്കെയാണ് ഞങ്ങള്‍ പാടുന്നത്. ഒന്നാമത് പാട്ടും രസമില്ല, ഞങ്ങള്‍ കാണിക്കുന്നത് ആള്‍ക്കാര്‍ക്ക് മനസിലാകുന്നുമില്ല. കുറേ പേരൊക്കെ നിന്ന് നോക്കി. അപ്പോള്‍ മണിയന്‍പിള്ള രാജുചേട്ടന്‍ ഇത് എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടിയിട്ട്, അവിടെ നിന്ന് കയ്യില്‍ നിന്നുള്ള പൈസ വച്ചിട്ട് പോയി.
അപ്പോള്‍ ആള്‍ക്കാര്‍ വിചാരിച്ചു, ഇതാണ് ചെയ്യേണ്ടതെന്ന്. പിന്നെ വരുന്നവരെല്ലാം പൈസ വച്ചിട്ട് പോകുവാ. കുറച്ചു കഴിഞ്ഞ് ഞാന്‍ ഡാന്‍സ് കളിക്കും ജയറാമേട്ടന്‍ പാട്ട് പാടും. കുറച്ചു കഴിയുമ്പോള്‍ ജയറാമേട്ടന്‍ ഡാന്‍സ് കളിക്കും. ഞാന്‍ പാട്ട് പാടും. അങ്ങനെ ഞങ്ങളൊരു 100 ബാത്ത് ഉണ്ടാക്കി. അപ്പോഴേക്കും ഷോട്ടിന് വിളിച്ച് ഞങ്ങള്‍ പോയി. അത് കാരണം ഞങ്ങള്‍ക്ക് 100 രൂപയേ ഉണ്ടാക്കാന്‍ പറ്റിയുള്ളൂ.
ഞങ്ങള്‍ ഇവിടുന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണിതെന്നൊക്കെ ആ 100 രൂപ കാണിച്ച് ഞങ്ങള്‍ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോഴും ഹാപ്പി ഹസ്ബന്‍ഡ്‌സിന്റെ എന്‍ഡ് ടൈറ്റിലില്‍ ആ വിഷ്വല്‍സ് ഉണ്ട്. ഞങ്ങളിരുന്ന് ഭിക്ഷയെടുക്കുന്നത്. അത് വിഡിയോ എടുത്ത് എന്‍ഡ് ടൈറ്റിലില്‍ അത് കാണിക്കുന്നുണ്ട്'.- ഭാവന പറഞ്ഞു.
Content Highlights: Bhavana revealed that she and Jayaram went begging during the shoot of the movie Happy Husbands. The star mentioned that they managed to earn 100 Baht in the process.