

ഫുട്‌ബോള്‍ ലോകകപ്പില്‍, കിരീടത്തിന് വേണ്ടി മാത്രമല്ല പോരാട്ടം. അതിനപ്പുറം ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലെ റെക്കോഡ് ഗോള്‍വേട്ടക്കാരന്‍ ആരാണെന്നും ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കാണെന്നുമുള്ള പോരാട്ടം കൂടി നടക്കുന്നുണ്ട്. 39-കാരനായ ലയണല്‍ മെസ്സിയും 27-കാരനായ കിലിയന്‍ എംബാപ്പെയുമാണ് ആ പടയോട്ടത്തിലുള്ളത്. തന്റെ ഉജ്ജ്വല ഫോം തുടരുന്ന ഫ്രാന്‍സ് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പുതിയ ചരിത്ര നേട്ടത്തിലാണ്. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയതോടെ എംബാപ്പെ ലോകകപ്പ് കരിയറിലെ തന്റെ ഗോള്‍ നേട്ടം 20 ആയി ഉയര്‍ത്തിയത്. ഈ ഗോളോടെ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താനും എംബാപ്പെയ്ക്ക് സാധിച്ചു. അസിസ്റ്റുകളുടെ എണ്ണമെടുത്താല്‍ എംബാപ്പെയാണ് ഒന്നാമത്.
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് യോഗ്യത നേടി. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ നേടിയ ഗോളുകളാണ് ഫ്രാന്‍സിന് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിക്കൊടുത്തത്. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും എംബാപ്പെയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് താരം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത്.
അത്യുന്നതങ്ങളില്‍ എംബാപ്പെ
2018, 2022, 2026 ലോകകപ്പുകളിലായി 20 ഗോളുകള്‍ തികച്ച എംബാപ്പെ, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ലയണല്‍ മെസ്സിയുടെ (21 ഗോളുകള്‍) സര്‍വകാല റെക്കോഡിന് തൊട്ടരികിലെത്തി. വെറും ഒരു ഗോള്‍ കൂടി നേടിയാല്‍ എംബാപ്പെയ്ക്ക് മെസ്സിയുടെ ഈ റെക്കോഡിനൊപ്പമെത്താം. ഈ ലോകകപ്പ് എഡിഷനില്‍ എംബാപ്പെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ അന്താരാഷ്ട്ര തലത്തില്‍ 100 ഗോളുകളില്‍ നേരിട്ട് പങ്കാളിയാകുന്ന ആദ്യ താരം എന്ന റെക്കോഡും ഇനി എംബാപ്പെയ്ക്ക് സ്വന്തം. ഫ്രാന്‍സിനായി ഇതുവരെ 64 ഗോളുകളും 36 അസിസ്റ്റുകളുമാണ് താരം സംഭാവന ചെയ്തത്.
ഫ്രാന്‍സ് സെമിയിലേക്ക്
ആദ്യ പകുതിയില്‍ മികച്ച പ്രതിരോധം തീര്‍ത്ത മൊറോക്കോയെ മറികടക്കാന്‍ ഫ്രാന്‍സ് നന്നേ പാടുപെട്ടിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി അവസരം എംബാപ്പെ പാഴാക്കിയതോടെ ഇരുടീമുകളും ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്. എന്നാല്‍ 60-ാം മിനിറ്റില്‍ ഡിസയര്‍ ഡൂയെയുടെ മികച്ച അസിസ്റ്റില്‍ നിന്നും ബോക്‌സിനുള്ളില്‍ ലഭിച്ച പന്ത് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയെ കാഴ്ചക്കാരനാക്കി എംബാപ്പെ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ 66-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നും ഉസ്മാന്‍ ഡെംബെലെ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മൊറോക്കന്‍ വല കുലുക്കിയതോടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.
മത്സരത്തിന്റെ അവസാന വിസില്‍ വരെ മൊറോക്കോ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. തോല്‍വിയോടെ മൊറോക്കോ ലോകകപ്പ് കുതിപ്പിന് വിരാമമിട്ടു. 'ഇനി സ്വപ്നത്തിലേക്ക് അല്‍പം കൂടി അടുത്തേക്ക്…' എന്നായിരുന്നു വിജയത്തിന് പിന്നാലെ എംബാപ്പെ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്. വരാനിരിക്കുന്ന സെമി ഫൈനലില്‍ സ്‌പെയിന്‍ അല്ലെങ്കില്‍ ബെല്‍ജിയം ടീമുകളില്‍ ആരെങ്കിലുമായിരിക്കും ഫ്രാന്‍സിന്റെ എതിരാളികള്‍.
content highlights: Will the French superstar surpass Messi? Kylian Mbappé on the verge of a historic milestone