'ഹാളണ്ടിനെ ആര്‍ക്കെങ്കിലും തടയാന്‍ കഴിഞ്ഞിട്ടുണ്ടോ?'; വെല്ലുവിളിയെക്കുറിച്ച് ഇംഗ്ലണ്ട് താരം മോര്‍ഗന്‍ റോഗേഴ്സ്

നോര്‍വേ-ഇംഗ്ലണ്ട് മത്സരം ഞായറാഴ്ച പുലര്‍ച്ചെ 2.30ന്, മത്സരം മയാമി സ്റ്റേഡിയത്തില്‍

'ഹാളണ്ടിനെ ആര്‍ക്കെങ്കിലും തടയാന്‍ കഴിഞ്ഞിട്ടുണ്ടോ?'; വെല്ലുവിളിയെക്കുറിച്ച് ഇംഗ്ലണ്ട് താരം മോര്‍ഗന്‍ റോഗേഴ്സ്
dot image

ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ നേരിടാന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് തന്നെയാണ്. ശനിയാഴ്ച മയാമിയില്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഹാളണ്ടിനെ എങ്ങനെ തടയാമെന്നാണ് ഇംഗ്ലണ്ട് സംഘം ആസൂത്രണം ചെയ്യുന്നത്. ഹാളണ്ടിനെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിന്റെ യുവ മിഡ്ഫീല്‍ഡര്‍ മോര്‍ഗന്‍ റോഗേഴ്സ്. ഈലോകകപ്പില്‍ നിലവില്‍ ഏഴു ഗോളുകളുമായി മികച്ച ഫോമിലാണ് ഹാളണ്ട്. ബ്രസീലിനെ തോല്‍പ്പിച്ചാണ് നോര്‍വേ ക്വാര്‍ട്ടറിലെത്തിയത്. മെക്‌സിക്കോയെ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ അവസാന എട്ടിലേക്കെത്തിയത്.

ഹാളണ്ടിനെ എങ്ങനെ പ്രതിരോധിക്കും എന്ന ചോദ്യത്തിന് റോഗേഴ്സിന്റെ മറുപടി ഇങ്ങനെ; 'ഹാളണ്ടിനെ ഇതുവരെ ആര്‍ക്കെങ്കിലും പൂര്‍ണമായി തടയാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹം ഒരു ഗോള്‍ മെഷീന്‍ ആണ്. എന്നാല്‍ ഫുട്‌ബോള്‍ ഒരു വ്യക്തിഗത കളിയല്ല, ഒരു ടീം എന്ന നിലയിലാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഞങ്ങളുടെ പ്രതിരോധ നിര മികച്ചതാണ്. ഹാളണ്ടിലേക്ക് പന്തുകള്‍ എത്താതിരിക്കാന്‍ മിഡ്ഫീല്‍ഡില്‍ തന്നെ ഞങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കും.' -മോര്‍ഗന്‍ റോഗേഴ്സ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍ വില്ലയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത റോഗേഴ്സ്, ദേശീയ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുന്നേറ്റത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹാളണ്ട് മാത്രമല്ല, നോര്‍വേ ക്യാപ്റ്റനും ആഴ്‌സണല്‍ താരവുമായ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് റോഗേഴ്സ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച മയാമിയില്‍ നടക്കുന്ന ഈ യൂറോപ്യന്‍ പോരാട്ടം കടുത്തതായിരിക്കുമെന്നുറപ്പാണ്. ജയിക്കുന്നവര്‍ക്ക് സെമിഫൈനലിലെത്താം. ഏറെക്കാലത്തിന് ശേഷം ലോകകപ്പിലേക്കെത്തിയ നോര്‍വേ കിരീട പ്രതീക്ഷയോടെയാണ് യാത്ര തുടരുന്നത്.

content highlights: 'Has anyone actually been able to stop Haaland?'; England star Morgan Rogers on the ultimate challenge

dot image
To advertise here,contact us
dot image