

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോൾ നേടിയത്.
എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകൾ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയ്ക്കാണ് മുൻതൂക്കം.
ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്.
മത്സരത്തിൽ ഗോൾരഹിതമായിരുന്നു ആദ്യ പകുതി. 28-ാം മിനിറ്റിൽ എംബാപ്പെയ്ക്ക് കിട്ടിയ പെനാൽറ്റി കിക്ക് മൊറോക്കൻ ഗോൾ കീപ്പർ ബോനെ നെഞ്ചുവിരിച്ചു തടുത്തു. രണ്ടാം പകുതിയിൽ പക്ഷെ ഫ്രാൻസ് ലക്ഷ്യം കണ്ടു.
60-ാം മിനിറ്റിൽ ഡുവെ നൽകിയ പാസിൽ എംബാപ്പെയുടെ ക്ലിനിക്കൽ ഫിനിഷ്. ഡിഫൻഡർക്ക് പിന്നിൽ വിഷൻ നഷ്‌ടമായ കീപ്പർക്ക് ഒന്നും ചെയ്യാനായില്ല.
ഒരു ഗോൾ വീണതിന്റെ ഷോക്കിൽ നിന്നും മോചിതനാകുന്നതിന് മുമ്പായിരുന്നു രണ്ടാം ഗോൾ. 66-ാം മിനിറ്റിൽ ഡെംബെലെ നേടിയ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയായിരുന്നു. രണ്ട് ഗോൾ വഴങ്ങിയതിന് ശേഷം ഗോൾ തിരിച്ചടിക്കാൻ മൊറോക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഉലയാതെ നിന്നു.
content highlights:france beat morocco-team-reach-football-semifinals