ഐഷോ സ്പീഡ് അര്‍ജന്റീനയുടെ ഐശ്വര്യം; ട്രോളി സോഷ്യല്‍ മീഡിയ; വാസ്തവമെന്ത്?

അര്‍ജന്റീന-ഈജിപ്ത് മത്സരത്തില്‍ മെസ്സിക്കെതിരെയായിരുന്നു ഐഷോ സ്പീഡ് നിലകൊണ്ടത്

ഐഷോ സ്പീഡ് അര്‍ജന്റീനയുടെ ഐശ്വര്യം; ട്രോളി സോഷ്യല്‍ മീഡിയ; വാസ്തവമെന്ത്?
dot image

ലോകപ്രശസ്ത യൂട്യൂബറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനുമാണ് ഐഷോ സ്പീഡ്. ഫുട്‌ബോള്‍ ലോകകപ്പ് വേദികളില്‍ സജീവ സാന്നിധ്യമായി കാണുന്ന രണ്ടുപേരില്‍ ഒരാള്‍ ഐഷോ സ്പീഡാണെന്നും വര്‍ത്തമാനമുണ്ട്. ആദ്യത്തെയാള്‍ ജിയാനി ഇന്‍ഫാന്റിനോയാണ്, ഫിഫ പ്രസിഡന്റ്. എന്നാല്‍ കടുത്ത അര്‍ജന്റീന വിരോധിയാണ് ഐഷോ സ്പീഡെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈജിപ്തിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത ആക്രോശവുമായി ഐഷോ സ്പീഡ് രംഗത്തെത്തിയിരുന്നു! ഇത് വൈറലുമായി.

മെസ്സിയുടെയും അര്‍ജന്റീനയുടെയും വിജയവും, ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയതുമെല്ലാം കണ്ട് അര്‍ജന്റീനയ്ക്ക് ഫിഫയുടെ വന്‍ പിന്തുണയുണ്ടെന്നും ഇത് ഒത്തുകളിയാണെന്നും പറഞ്ഞ് ഐഷോ സ്പീഡ് ലൈവ് സ്ട്രീമില്‍ പൊട്ടിത്തെറിച്ചിരുന്നു. റൊണാള്‍ഡോ ആരാധകനായതുകൊണ്ട് തന്നെ അര്‍ജന്റീനയുടെ ഇത്തരം നാടകീയ വിജയങ്ങള്‍ സ്പീഡിന് ഒട്ടും ദഹിച്ചിട്ടില്ലെന്നാണ് സംസാര ഭാഷ്യം. കളിക്ക് ശേഷം ഈജിപ്ത് കോച്ച് ഹൊസാം ഹസ്സന്‍ ഫിഫ 'ഫെയര്‍ പ്ലേ' മറന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് സ്പീഡിനെപ്പോലുള്ള സോഷ്യല്‍ മീഡിയ താരങ്ങളും ഈ ചര്‍ച്ച ഏറ്റെടുത്തത്.

ഒരു കടുത്ത 'അര്‍ജന്റീന വിരോധി' എന്ന് പറയുന്നതിനേക്കാള്‍, തീവ്ര ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകനാണ് ഐഷോ സ്പീഡ്. റൊണാള്‍ഡോയോടുള്ള ഈ അമിത ആരാധനയാണ് പലപ്പോഴും അദ്ദേഹത്തെ അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും എതിരായി സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്പീഡ് റൊണാള്‍ഡോയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കാണുന്നു. അതുകൊണ്ട് തന്നെ മെസ്സിയോ അര്‍ജന്റീനയോ നേടുന്ന വിജയങ്ങളെ അംഗീകരിക്കാന്‍ സ്പീഡിന്റെ 'ഫാന്‍ ബോയ്' മനസ്സ് അനുവദിക്കാറില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു ആരോപണം. അതേസമയം, ഐഷോ സ്പീഡ് ഒരു എന്റര്‍ടൈനറാണ്. അര്‍ജന്റീന ജയിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതും, ലൈവ് സ്ട്രീമില്‍ അലറിവിളിക്കുന്നതും, കസേര തല്ലിപ്പൊളിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് നേടിക്കൊടുക്കുന്ന കാര്യങ്ങളാണ്. ആരാധകരെ രസിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു തരം അഭിനയം കൂടിയാണിതെന്ന ആരോപണവുമുണ്ട്.

എന്നാല്‍ ഐഷോ സ്പീഡ് പിന്തുണക്കുന്ന ടീമുകളെല്ലാം തോല്‍ക്കുന്നു എന്നതാണ് കൗതുകകരം. ഈയിടെ അര്‍ജന്റീനയ്‌ക്കെതിരെ കളിച്ച ടീമുകളുടെ ജേഴ്‌സിയിട്ട് അദ്ദേഹം എത്തി അവരെ പിന്തുണച്ചിരുന്നു. ആ ടീമുകളെല്ലാം തോറ്റു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും തോറ്റുപുറത്തായി. ഇതോടെ ഐഷോ സ്പീഡ് പിന്തുണക്കുന്നവരെല്ലാം തോല്‍ക്കുന്നു എന്ന പരിഹാസവുമേറെയാണ്. ബ്രസീലിനെയും ഐവറി കോസ്റ്റിനെയും ഈജിപ്തിനെയുമെല്ലാം ഇങ്ങനെ പിന്തുണച്ചു. എല്ലാവരും പുറത്തായി.

ലോകകപ്പ് വേദികളില്‍ സ്ഥിരം വിഐപി സീറ്റിലാണ് ഐഷോ സ്പീഡ് കളി കാണുന്നത്. ഇതിന് കാരണം ലോകത്തെ പ്രധാന കമ്പനികളാണ് അദ്ദേഹത്തെ അതിഥിയായി എത്തിക്കുന്നത്. പ്രമോഷന്റെ ഭാഗമായാണ് മിക്കപ്പോഴും അദ്ദേഹത്തെ ഗാലറിയിലെത്തിക്കുന്നതും. അതേസമയം, ഐഷോ സ്പീഡിന്റെ സാന്നിധ്യം ഫുട്‌ബോളിനെ പുതുതലമുറയിലേക്ക് എത്തിക്കുമെന്നതിനാല്‍ അദ്ദേഹത്തിന് കളി കാണാന്‍ ഫിഫ പാസ് നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം, ഗാലറിയില്‍നിന്ന് അദ്ദേഹത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ഫിഫ അനുമതി കൊടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം, ഐഷോ സ്പീഡിന്റെയും അര്‍ജന്റീന ആരാധികയുടെയും പ്രതികരണം വലിയ വിവാദമായിരുന്നു. തര്‍ക്കത്തിനിടെ ആരാധകരിലൊരാള്‍ ഐഷോ സ്പീഡിനോടു മൃഗശാലയില്‍ പോയി കരയൂ എന്ന മട്ടില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണമുയര്‍ന്നു. ഇത് ഫിഫ അന്വേഷിക്കുന്നുണ്ട്. പോര്‍ച്ചുഗല്‍ തോറ്റപ്പോള്‍ 'എന്റെ പ്രാര്‍ഥനകള്‍ ഫലിച്ചില്ല' എന്നു പറഞ്ഞു സ്പീഡ് കരയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

content highlights: Is IShowSpeed Argentina's lucky charm? Trolled on social media; What is the actual truth?

dot image
To advertise here,contact us
dot image