'നഷ്ടങ്ങളുടെ ഹാട്രിക്'; ഇറ്റലി തിരിച്ചെത്തുമെന്ന് പ്രതീക്ഷ -ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ലുജി ബഫണ്‍

2006-ലെ കിരീടനേട്ടം ഓര്‍ത്തെടുത്ത് ഇറ്റാലിയന്‍ ഇതിഹാസം, യോഗ്യത നേടാനാകാത്തത് കനത്ത പ്രഹരം

'നഷ്ടങ്ങളുടെ ഹാട്രിക്'; ഇറ്റലി തിരിച്ചെത്തുമെന്ന് പ്രതീക്ഷ -ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ലുജി ബഫണ്‍
dot image

തുടര്‍ച്ചയായി മൂന്ന് ഫുട്‌ബോള്‍ ലോകകപ്പുകള്‍ക്ക് ഇറ്റലിക്ക് യോഗ്യത നേടാനാകാതെ പോയതിന്റെ നിരാശ പങ്കുവെച്ച് ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജാന്‍ലൂജി ബഫണ്‍. നിലവില്‍ അമേരിക്കയില്‍ പുരോഗമിക്കുന്ന ലോകകപ്പിലും ഇറ്റലിക്ക് ഇടം നേടാനാകാത്ത പശ്ചാത്തലത്തിലാണ്, 2006-ല്‍ രാജ്യം ലോകകിരീടം ചൂടിയ ചരിത്ര നിമിഷത്തെ താരം ഓര്‍ത്തെടുത്തത്.

ഇറ്റലിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണ അധ്യായങ്ങളിലൊന്നായ 2006-ലെ ലോകകപ്പ് വിജയത്തിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴും തിളക്കമുണ്ടെങ്കിലും, നിലവിലെ സാഹചര്യം തന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്ന് ബഫണ്‍ തുറന്നുപറഞ്ഞു. '2006 ജൂലായില്‍ ഞങ്ങള്‍ ലോകത്തിന്റെ നെറുകയിലായിരുന്നു. ഒരു ഫുട്‌ബോള്‍ കളിക്കാരന് സ്വപ്നം കാണാന്‍ കഴിയുന്നതിന്റെ പരമാവധിയായിരുന്നു ആ കിരീടനേട്ടം. എന്നാല്‍ ഇന്ന്, തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പും നമുക്ക് നഷ്ടമായിരിക്കുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ആ പഴയ വിജയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എങ്കിലും നിലവിലെ ഈ അവസ്ഥ മനസ്സില്‍ വലിയൊരു കയ്പ്പ് ബാക്കി വെക്കുന്നു,' -ബഫണ്‍ പറഞ്ഞു.

2006-ല്‍ ലോക ചാമ്പ്യന്മാരായതിന് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോളിന് അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. 2018 റഷ്യ, 2022 ഖത്തര്‍ ലോകകപ്പുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2026-ലെ ലോകകപ്പിലും 'അസൂറികള്‍'ക്ക് യോഗ്യത നേടാനായില്ല. ലോക ഫുട്‌ബോളിലെ വന്മരങ്ങളായ ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായ ഈ പരാജയങ്ങള്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും, യുവതലമുറയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ബഫണ്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇറ്റലി ശക്തമായി തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

content highlights: 'A hat-trick of losses'; Expecting Italy to stage a strong comeback - Italian legend Gianluigi Buffon

dot image
To advertise here,contact us
dot image