

ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന മത്സരത്തിലേക്ക് പുതിയ പന്ത് അവതരിപ്പിച്ചിരിക്കുകയാണ് അഡിഡാസ്. 'ട്രിയോണ്ട ഫൈനല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പന്ത് ലോകകപ്പിലെ സെമി ഫൈനലുകള്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നിവയിലാണ് ഉപയോഗിക്കുക. ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'ട്രിയോണ്ട'യുടെ അതേ അത്യാധുനിക നിര്‍മ്മാണ മികവ് നിലനിര്‍ത്തിക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് അഡിഡാസ് കേവലം നിറങ്ങളില്‍ മാത്രം മാറ്റം വരുത്തുന്നതിന് പകരം, അവസാന ഘട്ട മത്സരങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പൂര്‍ണമായും സവിശേഷമായ ഒരു ഡിസൈന്‍ അവതരിപ്പിക്കുന്നത്.
സവിശേഷതകൾ
ലോകകപ്പ് ട്രോഫിയോടുള്ള ആദരസൂചകമായി പന്തിന് പ്രീമിയം ഗോള്‍ഡ് ഫിനിഷിങ്ങാണ് നല്‍കിയിരിക്കുന്നത്. കറുത്ത പശ്ചാത്തലത്തിലാണ് പന്തിന് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഡയ്‌നാമിക് പിങ്ക് നിറത്തിലുള്ള ആക്‌സന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലോകകപ്പിന് വേദിയാകുന്ന 16 പ്രമുഖ നഗരങ്ങളുടെ പേരുകള്‍ പന്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സെമി ഫൈനലുകള്‍ക്കും ഫൈനലിനും വേദിയാകുന്ന ഡാലസ്, അറ്റ്‌ലാന്റ, മിയാമി, ന്യൂയോര്‍ക്ക് ന്യൂജേഴ്സി എന്നീ നഗരങ്ങളുടെ പേരുകള്‍ ഡിസൈനിന്റെ പ്രധാന ഭാഗത്ത് വ്യക്തമായി കാണാം. ബോസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, മെക്‌സിക്കോ സിറ്റി, ടൊറന്റോ ഉള്‍പ്പെടെയുള്ള മറ്റ് 12 നഗരങ്ങളുടെ പേരുകള്‍ ത്രികോണാകൃതിയിലുള്ള ഗ്രാഫിക്‌സിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വായുവിലെ സ്ഥിരത ഉറപ്പാക്കാന്‍ നാല് പാനലുകളുള്ള സവിശേഷ നിര്‍മാണ രീതിയാണ് ഇതിലുള്ളത്. കൂടാതെ, റഫറിമാരുടെ ഓഫ്സൈഡ് തീരുമാനങ്ങളും വാര്‍ പരിശോധനകളും കൂടുതല്‍ കൃത്യവും വേഗത്തിലുമാക്കാന്‍ സഹായിക്കുന്ന 'കണക്റ്റഡ് ബോള്‍ ടെക്‌നോളജി'യും പുതിയ പന്തിലുണ്ട്.
content highlights: Official 'Trionda Final' ball launched for the final stages