

മികച്ച പ്രകടനത്തോടെയാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീന ലോകകപ്പില്‍ മുന്നേറ്റം തുടരുന്നത്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആദ്യമത്സത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയ താരം പിന്നീട് ഓസ്ട്രിയക്കെതിരെ രണ്ടും ജോര്‍ദാനെതിരെ പകരക്കാരനായിറങ്ങി ഒരുഗോളും നേടി.
എല്ലാ മത്സരവും ജയിച്ചാണ് ടീം നോക്കൗട്ടിലേക്ക് കടന്നത്. ടീമിന്റെ ഒത്തിണക്കത്തോടെയുള്ള കളിയാണ് അര്‍ജന്റീനയെ തുണയ്ക്കുന്നത്. ഇത് സൂചിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഗ്രൂപ്പുഘട്ടം അവസാനിക്കുമ്പോള്‍ ഒരുവിജയം കൂടി. നമ്മള്‍ ഒരുമിച്ച് മുന്നേറുന്നു..' -മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കുറിച്ചു. മത്സരത്തില്‍ ഗോള്‍നേടിയ മെസ്സി ആഹ്ലാദിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജോര്‍ദാനെതിരായ മത്സരത്തില്‍ സമ്മര്‍ദങ്ങളില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. ജിയോവാനി സെല്‍സോ 19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ നേടിയ ഗോളിന് പിന്നാലെ പെനാല്‍ട്ടി കിക്കിലൂടെ ലൗട്ടാറോ മാര്‍ട്ടിനെസ് 31-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ ലക്ഷ്യംകണ്ടു. 80-ാം മിനിറ്റിലാണ് മെസ്സി ടീമിനായി മൂന്നാം ഗോളടിച്ചത്. ഈ ലോകകപ്പില്‍ മാത്രം മെസ്സിയുടെ ആറാം ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോളിടിച്ച താരമെന്ന അപൂര്‍വ റെക്കോഡും അദ്ദേഹം പേരിലാക്കി.
content highlights: 'We're still together..' - Messi's post after the victory against Jordan