

ഫുട്‌ബോള്‍ ലോകത്തെ ചില റെക്കോഡുകള്‍ ഒരു നാടിന് മാധുര്യമേറ്റുന്നതാകും. അങ്ങനെയൊന്ന് പേരിലാക്കിയ താരമുണ്ട് ജപ്പാനില്‍. പേര് യൂട്ടോ നഗാടോമോ. അഞ്ച് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ ആദ്യ ഏഷ്യക്കാരനായി ജപ്പാന്റെ ഇതിഹാസ താരം യൂട്ടോ നഗാടോമോ മാറിയതോടെ നാടിന്റെ അഭിമാനമായി. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ് 'എഫി'ലെ ജപ്പാന്‍-സ്വീഡന്‍ മത്സരത്തിന്റെ 75-ാം മിനിറ്റില്‍ കളത്തിലിറങ്ങിയാണ് 39-കാരനായ യൂടോ നഗാടോമോ ചരിത്രം കുറിച്ചത്.
ലോകഫുട്ബാളില്‍ തന്നെ അപൂര്‍വം താരങ്ങള്‍ സ്വന്തമാക്കിയ റെക്കോഡിലേക്കാണ് ജപ്പാന്റെ ഇതിഹാസ താരം സ്വീഡനെതിരെ ബൂട്ടണിഞ്ഞത്. ലോകകപ്പിലെ അരങ്ങേറ്റം 2010-ലായിരുന്നു. 24-ാം വയസ്സിലായിരുന്നു നഗാടോമോ ആദ്യ ലോകകപ്പ് കളിച്ചത്. ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ടീമിന്റെ പ്രതിരോധത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായി മാറി അദ്ദേഹം. 2014-ല്‍ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും നഗാടോമോ പങ്കെടുത്തു. 2018 റഷ്യ, 2022 ഖത്തര്‍ ലോകകപ്പുകളിലും ടീമില്‍ ഇടം നേടി. ഇത്തവണ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ 39-കാരനായ നഗാടോമയെയും കോച്ച് ഹജിമെ മൊറിയാസു ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ അഞ്ചാം ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായിരുന്നു.
ടീമില്‍ യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍, ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പകരക്കാരനായി കളത്തിലിറക്കിയാണ് റെക്കോഡിലേക്ക് ബൂട്ടുകെട്ടാന്‍ അദ്ദേഹത്തിന് കോച്ച് അവസരമൊരുക്കിയത്. അഞ്ചോ അതിലധികമോ ലോകകപ്പ് കളിക്കുന്ന പത്താമത്തെ താരമാണ് യൂട്ടോ നഗാടോമോ. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ഇരുവരും ആറ് ലോകകപ്പുകള്‍), ലൂകാ മോഡ്രിച്, ലൂയി സുവാരസ്, മാനുവല്‍ നോയര്‍, ലോതര്‍ മതേവൂസ്, ആന്ദ്രെ ഗ്വര്‍ഡാഡോ, റാഫേല്‍ മാര്‍ക്വസ്, അന്റോണിയോ കാര്‍ബയാല്‍ എന്നിവര്‍ അഞ്ച് ലോകകപ്പുകളും കളിച്ചു. ഇതിഹാസ തുല്യരായ ഫുട്‌ബോളര്‍മാരുടെ പട്ടികയിലാണ് ഇനി യൂട്ടോ നഗാടോമോയുടെ ഇടം. ഇത് ജപ്പാന്റെ ഫുട്‌ബോള്‍ പെരുമ വര്‍ധിപ്പിക്കുന്നു.
content highlights: A sweet five in the World Cup; This Asian star holds a record of pure historic delight