

അമ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഫ്രഞ്ച് ക്യാമ്പിലേക്ക് തിരിച്ചെത്തിയതായി ടീം അറിയിച്ചു. ഫ്രാന്‍സും നോര്‍വേയും തമ്മിലുള്ള കളിക്ക് കോച്ച് ഉണ്ടായിരുന്നില്ല. പകരം സഹ പരിശീലകന്‍ ഗൈ സ്റ്റീഫനാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. മത്സരത്തില്‍ മികച്ച ജയത്തോടെയാണ് ഫ്രാന്‍സ് നോക്കൗട്ടിലേക്ക് കടന്നത്.
2018-ല്‍ ഫ്രാന്‍സിന് കിരീടം സമ്മാനിച്ച ദെഷാംപ്‌സ് 2022-ല്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഈ ലോകകപ്പിലും മുന്നേറ്റം തുടരുകയാണ് ഫ്രാന്‍സ്. അടുത്ത ചൊവ്വാഴ്ച റൗണ്ട് 32-വില്‍ ഫ്രാന്‍സ് സ്വീഡനെ എതിരിടും. ബോസ്റ്റണിലാണ് ഫ്രാന്‍സിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്. അതേസമയം, ഒരു റെക്കോഡ് കൂടി തിരുത്തിയാണ് ദെഷാംപ്‌സിന്റെ ടീം മുന്നേറ്റം നടത്തുന്നത്. 1998 ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിട്ടില്ല. ഇതാദ്യമായാണ് അങ്ങനൊരു നേട്ടത്തിലേക്ക് ഫ്രാന്‍സ് എത്തുന്നത്. ഗ്രൂപ്പില്‍ സെനഗല്‍, ഇറാഖ്, നോര്‍വേ ടീമുകളെയാണ് തോല്‍പ്പിച്ചത്. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലയുമാണ് ടീമിന്റെ കരുത്ത്.
അതിനിടെ, ദെഷാംപ്‌സിന്റെ അമ്മയുടെ മരണത്തില്‍ ആദരമര്‍പ്പിക്കാനുള്ള ഫ്രാന്‍സ് ടീമിന്റെ ആവശ്യത്തെ നിരാകരിച്ച് ഫിഫ രംഗത്തെത്തിയത് കല്ലുകടിയായി. ദെഷാംപ്‌സിന്റെ അമ്മയ്ക്ക് ആദരം അര്‍പ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങാനുള്ള ആഗ്രഹത്തിലായിരുന്നു. ഇത് ഫിഫ അംഗീകരിച്ചില്ല. മാത്രമല്ല, മത്സരത്തിന് മുന്നോടിയായി ദെഷാംപ്‌സിന്റെ മാതാവിന്റെ ഓര്‍മയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുമെന്നു ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതും ഫിഫ അനുവദിച്ചില്ല. പിന്നാലെ ഫിഫയുടെ നടപടിയെ വിമര്‍ശിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
content highlights: Didier Deschamps returns to the French camp; a historic achievement shines through personal grief