

കൽപ്പറ്റ: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിയെ പൂർണമായും തള്ളാതെ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. വൈസ് ചാന്‍സലറെ നിയമിക്കുന്ന അപ്പോയിന്റിംഗ് അതോറിറ്റി ചാന്‍സലറാണെന്നായിരുന്നു ടി സിദ്ദിഖ് പറഞ്ഞത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക്ഭവൻ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ നല്‍കിയ പേരല്ല ലോക്ഭവനില്‍ നിന്ന് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് എക്‌സലന്‍സിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത്. നിയമനത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. സര്‍വകലാശാലയെ യാതൊരു കേടുപാടും കൂടാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം നിറവേറ്റും. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തിയിരുന്നു. വിസി നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്നും നിയമനം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു റോജി എം ജോണ്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിതാ റാണിയെ നിയമിച്ചത്. നിയമനം കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ച് തീരുമാനിക്കും. സര്‍വകലാശാല ആക്ടുമായി ബന്ധപ്പെട്ട് ചില നിയമപരമായ തടസങ്ങളുണ്ടെന്നും അതുകൂടി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും റോജി എം ജോണ്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലിനെ വെട്ടിയാണ് ഗവര്‍ണര്‍ സജിതാ റാണിയെ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത്. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനാണ് ടി സജിതാ റാണി. ബി അശോക് കാര്‍ഷിക വകുപ്പില്‍ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് സജിത റായിക്ക് പകരം ചുമതല നല്‍കിയത്. കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിതാ റാണി.
Content Highlights: Kerala Agricultural University VC Appointment: T Siddique Alleges Raj Bhavan Ignored Government’s Nominee