മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; ജാർഖണ്ഡിൽ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

മദ്യപാനം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ആ ശീലം ഉപേക്ഷിക്കണമെന്നും പറഞ്ഞതിൽ പ്രകോപിതനായാണ് അർജുൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത്

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; ജാർഖണ്ഡിൽ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍
dot image

റാഞ്ചി: മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള തിലൈയ പഞ്ചായത്തിലെ കരിപാനി ഗ്രാമത്തിലാണ് അര്‍ജുന്‍ കര്‍മാലി എന്ന യുവാവ് പിതാവ് ജയ്‌ലാല്‍ കര്‍മാലിയെ കൊലപ്പെടുത്തിയത്.

പൊലീസ് പറയുന്നത് അനുസരിച്ച്, അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപിച്ചതിനും അവശനിലയില്‍ രാത്രി വീട്ടിലേക്ക് വന്നതിനും ജയ്‌ലാല്‍ മകനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പ്രകോപിതനായ അര്‍ജുന്‍ സമീപത്തുണ്ടായിരുന്ന കോടാലി എടുത്ത് അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജയ്‌ലാലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അര്‍ജുനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പൊലീസ് അറിയിച്ചു.

മകന്റെ മദ്യം കുടിക്കുന്ന ശീലത്തെ ജയ്‌ലാല്‍ ശക്തമായി എതിര്‍ത്തിരുന്നു. മദ്യലഹരിയിലായിരിക്കുമ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനാലാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതെന്നും ഈ ശീലം കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ജയ്‌ലാല്‍ അര്‍ജുനോട് പറഞ്ഞു. ഇതാണ് അര്‍ജുനെ പ്രകോപിപ്പിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് വീട്ടിനുളളില്‍ തന്നെ കെട്ടിയിട്ടു. ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: In a shocking incident from Jharkhand, a son allegedly hacked his father to death with an axe after being scolded for coming home in an inebriated state. The accused has been arrested.

dot image
To advertise here,contact us
dot image