

ഒടുവിൽ ലോകകപ്പിൽ കോംഗോയുടെ സൂപ്പർഫാൻ മിഷേൽ കുക മബോളാഡിംഗ എത്തി. എന്നാൽ, സൂപ്പർഫാനിന്‍റെ സാന്നിധ്യമുണ്ടായിട്ടും കൊളംബിയക്കെതിരായ മത്സരത്തിൽ കോംഗോയ്ക്ക് ജയിക്കാനാവാഞ്ഞത് ആരാധകര്‍ക്ക് നിരാശയായി.
ഗ്രൂപ്പ് കെ-യിലെ കടുത്ത പോരാട്ടത്തിൽ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിനാണ് കോംഗോയെ മറികടന്നത്. പോർച്ചുഗലിനെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ച കോംഗോയ്ക്ക് രണ്ടാം മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തർക്ക് മുന്നിൽ വീണു.
ഫുട്ബോൾ ലോകത്ത് 'ലുമുംബ വിയാ' എന്നും ‘ജീവിക്കുന്ന പ്രതിമ’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം, മത്സരത്തിലുടനീളം ഗ്യാലറിയിൽ ഒട്ടും അനങ്ങാതെ ഒരേ നിൽപ്പ് നിൽക്കുന്ന അസാധ്യമായ കഴിവ് കൊണ്ടാണ് ആഗോളതലത്തിൽ ശ്രദ്ധേയനായത്.
കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ പാട്രിസ് ലുമുംബയോടുള്ള ആദരസൂചകമായി കോട്ടും ടൈയും ധരിച്ച്, ഒരു കൈ മുകളിലേക്ക് ഉയർത്തിപ്പിടിച്ച്, മത്സരത്തിലുടനീളം ഗ്യാലറിയിൽ ഒട്ടും അനങ്ങാതെ പ്രതിമ പോലെ നിൽക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ശൈലി.
കോംഗോയിൽ പടർന്നുപിടിച്ച എബോള രോഗബാധയെത്തുടർന്നുള്ള നിർബന്ധിത ക്വാറന്റൈൻ കാരണം ഇദ്ദേഹത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ വിലക്കുകളെല്ലാം മാറി കൊളംബിയക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി താരം മെക്സിക്കോയിൽ എത്തിയതോടെ ലോകകപ്പ് വേദിയിലെ 'ആകർഷണ കേന്ദ്രമായി' ഈ സൂപ്പർഫാൻ മാറി.
Content highlights: who is lumumba dr-congo suit and tie football super fan viral