

ആഗോളതലത്തിൽ വിമാനയാത്ര നിരക്കുകൾ 25% വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. മാനേജ്‌മന്റ് കൺസൾട്ടിങ് സ്ഥാപനമായ മെക്കിൻസി ആണ് ഇത്തരത്തിൽ പ്രവചിച്ചത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ, ഇന്ധന പ്രതിസന്ധി എന്നിവയെല്ലാമാണ് നിരക്കുവർധനയ്ക്ക് കാരണമാകുക.
വിമാന ഇന്ധന പ്രതിസന്ധി ശക്തമാകും എന്നും മെക്കിൻസി പ്രവചിക്കുന്നുണ്ട്. വേനൽക്കാല സീസണ് മുന്നോടിയായി വിമാന ഇന്ധനത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവ് ഉണ്ടാകും. സപ്പ്ളൈ ചെയിനുകൾ സമ്മർദ്ദം നേരിടാൻ ആരംഭിക്കും. ഇന്ധന വില വലിയ തോതിൽ ഇപ്പോൾത്തന്നെ ഉയർന്നുകഴിഞ്ഞു. ഗൾഫ്, ഏഷ്യ എന്നിവിടങ്ങളിൽ പ്രധാന ജെറ്റ് ഇന്ധന കയറ്റുമതിക്കാരിൽ നിന്നുള്ള ഉത്പാദനവും കുറഞ്ഞു. ഇത് വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഇന്ധനത്തിന്റെ വില്പനവിലയിൽ ഈ വർധനവ് പ്രകടമായിക്കഴിഞ്ഞു എന്നും മെക്കിൻസി പറഞ്ഞു. 2026ൽ ഒരു ബാരലിന് 50 ഡോളർ കടക്കുമെന്നും പ്രവചനമുണ്ട്.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പഴയപടിയായാൽ ഇന്ധനവില കുറയുമെന്നും മെക്കിൻസി പറയുന്നുണ്ട്. എന്നാൽ വിതരണ ശൃംഖല പഴയപോലെയാകുന്നതുവരെ അതിന് കാത്തിരിക്കണം. റിപ്പോർട്ട് അനുസരിച്ച്, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ സമീപകാല സംഘർഷങ്ങളെത്തുടർന്ന് ഇന്ധന കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്.
ഹോർമുസ് തുറന്നാലും വില കുറയാൻ കാത്തിരിക്കേണ്ടിവരുമെന്നും മെക്കിൻസി പറയുന്നുണ്ട്. രാജ്യങ്ങൾ എണ്ണ കൂടുതൽ വാങ്ങിത്തുടങ്ങും എന്നതിനാലാണിത്. ഒരു വിമാനടിക്കറ്റിന്റെ 30 ശതമാനം പോകുന്നത് ഇന്ധന ചിലവിലേക്കാണ്. അതിനാൽ തന്നെ 20 മുതൽ 25 ശതമാനം വരേയ്ക്കും നിരക്ക് ഉയർന്നേക്കാം എന്നാണ് മെക്കിൻസി പറയുന്നത്.
Content Highlights: Global airfares could increase by as much as 25% in the coming months, according to a forecast by management consulting firm McKinsey. Ongoing tensions in the Middle East, fuel supply challenges, and rising operational costs are expected to put pressure on airlines worldwide