സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകർക്കായി കൂടുതൽ തുറന്നുകൊടുക്കുന്ന ചരിത്രപരമായ നിയമം ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്

സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
dot image

വിദേശ നിക്ഷേപകരെയും ബിസിനസ്സ് സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിന്റെ ഭാഗമായി, വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള നിർണായക നിയമാവലിക്ക് അംഗീകാരം നൽകി സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് 'നോൺ-സൗദി റിയൽ എസ്റ്റേറ്റ് ഓണർഷിപ്പ്' നിയമത്തിന്റെ പുതിയ എക്സിക്യൂട്ടീവ് നിയമാവലികൾക്ക് അംഗീകാരം നൽകിയത്. വിദേശ വ്യക്തികൾക്കും കമ്പനികൾക്കും രാജ്യത്ത് എവിടെയൊക്കെ വസ്തുവകകൾ വാങ്ങാൻ അനുവാദമുണ്ട് എന്നതുൾപ്പെടെയുള്ള ഭൂമിശാസ്ത്രപരമായ അതിരുകളും പുതിയ തീരുമാനത്തിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകർക്കായി കൂടുതൽ തുറന്നുകൊടുക്കുന്ന ചരിത്രപരമായ നിയമം ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നിയമം നടപ്പിലാക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗരേഖയ്ക്ക് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. പുതിയ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ വിദേശികൾക്ക് സൗദിയിൽ വിപുലമായ രീതിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താൻ സാധിക്കും.

പുതിയ നിയമപ്രകാരം വിദേശ വ്യക്തികൾക്കും കമ്പനികൾക്കും താമസസ്ഥലങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, കാർഷിക ഭൂമി, വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ എന്നിവ സ്വന്തമാക്കാൻ അനുവാദമുണ്ട്. കൂടാതെ, സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ ഔദ്യോഗിക ലൈസൻസുള്ള വിദേശ കമ്പനികൾക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങൾക്ക് ആവശ്യമായ ഓഫീസുകൾ, ഫാക്ടറികൾ, വെയർഹൗസുകൾ എന്നിവയും ഇനിമുതൽ സ്വന്തം പേരിൽ വാങ്ങാനാകും.

സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെ എണ്ണയിതര വരുമാനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'വിഷൻ 2030' പദ്ധതിയുടെ പ്രധാന ഭാഗമായാണ് ഈ പരിഷ്കാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രോപ്പർട്ടി മാർക്കറ്റുകളിലൊന്നായ സൗദിയിൽ ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര നിക്ഷേപകർക്ക് ഈ തീരുമാനം വലിയ ആത്മവിശ്വാസം നൽകും. നഗരവികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും രാജ്യം വലിയ കുതിച്ചുചാട്ടം നടത്തുന്ന ഈ സമയത്ത്, പുതിയ നിയമം കൂടുതൽ വിദേശ മൂലധനം രാജ്യത്തേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Saudi Arabia has approved a new property ownership law that permits foreigners to own land and buildings under specified conditions. The decision is aimed at strengthening foreign investment, supporting economic diversification, and accelerating growth in the real estate market as part of the Kingdom's development plans.

dot image
To advertise here,contact us
dot image