ലൂയിസ് സുവാരസ് പുറത്ത്; ലോകകപ്പിനുള്ള യുറഗ്വായ് ടീം പ്രഖ്യാപിച്ചു

കഴിഞ്ഞ നാലുലോകകപ്പിലും ലൂയിസ് സുവാരസ് കളിച്ചിരുന്നു

ലൂയിസ് സുവാരസ് പുറത്ത്; ലോകകപ്പിനുള്ള യുറഗ്വായ് ടീം പ്രഖ്യാപിച്ചു
dot image

അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് യുറഗ്വായ്. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വെറ്ററന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിനെ അപ്രതീക്ഷിതമായി ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകന്‍ മാഴ്‌സലോ ബീല്‍സ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബറില്‍ സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബീല്‍സയുടെ രീതികളോട് പൊരുത്തപ്പെടാനാകാത്ത സുവാരസ് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. വിമര്‍ശനം വലിയ വിവാദവുമായി. പരിശീലകനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പിന്നീട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതാണ് ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കപ്പെടാനുമിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39 കാരനായ സുവാരസ്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ടീമിലുള്‍പ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്. യോഗ്യതാ മത്സരങ്ങളില്‍ കളിച്ച നഹിതന്‍ നാന്‍ഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. ലൂയിസ് സുവാരസ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കുവേണ്ടി 11 മത്സരങ്ങളില്‍നിന്ന് ആറുഗോളുകള്‍ നേടിയിട്ടുണ്ട്.


റയല്‍ മഡ്രിഡ് താരം ഫെഡറിക്കോ വാല്‍വെര്‍ഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മാനുവല്‍ ഉഗാര്‍ട്ട, അല്‍ ഹിലാലിന്റെ ഡാര്‍വിന്‍ നുനെസ്, അത്‌ലറ്റിക്കോ മഡ്രിഡ് താരം ജോസ് മരിയ ഗിമനെസ്, ബാഴ്‌സലോണയുടെ റൊണാള്‍ഡ് അരൗജോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുള്‍പ്പെട്ടു.


അമേരിക്കന്‍ ലോകകപ്പില്‍, ഗ്രൂപ്പ് എച്ചിലാണ് ടീം ഉള്‍പ്പെട്ടിരിക്കുന്നത്. സ്പെയിന്‍, സൗദി അറേബ്യ, കേപ് വെര്‍ദെ എന്നിവരാണ് യുറഗ്വായിയുടെ എതിരാളികള്‍.

content highlights: Luis Suárez out; Uruguay announces squad for the World Cup

dot image
To advertise here,contact us
dot image