

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂൺ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ അവസരം ഒരുക്കുമെന്ന് പ്രമുഖ യൂട്യൂബ് ചാനൽ. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ 'കാസെ ടിവി'യാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാൽ, ഈ സൗജന്യ സംപ്രേക്ഷണം ബ്രസീലിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ 'ലൈവ് മോഡിൽ' വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനിയാണ് ഇപ്പോൾ പ്രമുഖ യൂട്യൂബ് പ്ലാറ്റ്‌ഫോമായ 'കാസെ ടിവി'-യുമായി ചേർന്നാണ് ലോകകപ്പ് മത്സരങ്ങൾ ബ്രസീലില്‍ സൗജന്യമായി സ്ട്രീം ചെയ്യാൻ തയ്യാറെടുക്കുന്നത്. 2022-ലാണ് ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ആരംഭിച്ചത്. 2026 ലോകകപ്പിലെ 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ ബ്രസീലില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്നാണ് കാസെ ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മത്സരങ്ങളുടെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങളും, പ്രത്യേക പരിപാടികളും, യുവതലമുറയെ ആകർഷിക്കുന്ന ഇന്‍റാറാക്ടീവ് സെഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
സൗജന്യ സംപ്രേഷണം ബ്രസീലിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇത് നേരിട്ട് ആസ്വദിക്കാൻ കഴിയില്ല. കാസെ ടിവിയും അതിന്‍റെ മാതൃ കമ്പനിയായ ലൈവ് മോഡും ഫിഫയിൽ നിന്ന് ലോകകപ്പിന്‍റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബ്രസീലിന് വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലിരുന്ന് യൂട്യൂബിലോ ട്വിച്ചിലോ ഈ ചാനൽ തുറന്നാലും ലൈവ് മാച്ചുകൾ ലഭ്യമാകില്ല.
Content highlight: FIFA World Cup matches free on YouTube, but Indian fans disappointed