ദുബായിയെ ലോകത്തെ സുരക്ഷിത ന​ഗരമാക്കി മാറ്റിയ കാവലാൾ; എഴുപതിന്റെ നിറവിൽ ദുബായ് പൊലീസ്

ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും കരുത്തുറ്റ കാവലായാണ് ദുബായ് പൊലീസ് നിലകൊള്ളുന്നത്

ദുബായിയെ ലോകത്തെ സുരക്ഷിത ന​ഗരമാക്കി മാറ്റിയ കാവലാൾ; എഴുപതിന്റെ നിറവിൽ ദുബായ് പൊലീസ്
dot image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബായിയുടെ കാവലാളായ ദുബായ് പൊലീസ് എഴുപതിന്റെ നിറവിൽ. 1956-ൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച ഒരു ചെറിയ സുരക്ഷാ സേനയിൽ നിന്ന്, ഇന്ന് കൃത്രിമബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് പൊലീസ് സംവിധാനമായി ദുബായ് പൊലീസ് മാറി.

ആഗോളതലത്തിൽ സുരക്ഷിതമായ നഗരമെന്ന ദുബായിയുടെ ഖ്യാതിക്ക് പിന്നിലെ യഥാർത്ഥ ചാലകശക്തിയായ ദുബായ് പൊലീസ് സേനയ്ക്ക് 1956-ലാണ് തുടക്കം. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും കരുത്തുറ്റ കാവലായാണ് ദുബായ് പൊലീസ് നിലകൊള്ളുന്നത്. തങ്ങളുടെ സ്ഥാപനപരമായ മികവിന്റെയും ഭാവി സന്നദ്ധതയുടെയും ഈ ദീർഘയാത്രയെ ഏഴ് സുപ്രധാന ഘട്ടങ്ങളായാണ് ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വിശദീകരിക്കുന്നത്.

ആധുനിക പൊലീസിംഗിന് അടിത്തറയിട്ട ആദ്യ ഘട്ടത്തിൽ നിന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൈവരിച്ച രണ്ടാം ഘട്ടത്തിലേക്കും, തുടർന്ന് വെല്ലുവിളികൾ മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുന്ന മൂന്നാം ഘട്ടത്തിലേക്കും സേന അതിവേഗം വളർന്നു. നാലാം ഘട്ടത്തിൽ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിച്ച പൊലീസ്, അഞ്ചും ആറും ഘട്ടങ്ങളിൽ ആഗോളവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും പുതിയ സംസ്കാരം ഉൾക്കൊണ്ടു. നിലവിൽ 'സ്മാർട്ട് ട്രാൻസ്ഫോർമേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി' എന്ന ഏഴാമത്തെ ഘട്ടത്തിലാണ് ദുബായ് പൊലീസിൻ്റെ പ്രവർത്തനം.

യുഎഇയുടെ ദേശീയ ദർശനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നിലവിലെ ഘട്ടത്തിൽ, കൃത്രിമബുദ്ധിയും ഡാറ്റാധിഷ്ഠിത പരിഹാരങ്ങളും വഴി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത സുരക്ഷാ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ നിരവധി മാറ്റങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പൊതുജനവിശ്വാസം കാത്തുസൂക്ഷിക്കാൻ ദുബായ് പൊലീസിന് സാധിച്ചിട്ടുണ്ട്. ക്രിമിനൽ അന്വേഷണം, ഗതാഗത നിയന്ത്രണം, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവയിലെല്ലാം കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ദുബായിലെ സുരക്ഷാ സംവിധാനം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.

Content Highlights: Dubai Police celebrates its 70th anniversary, marking seven decades of innovation, security, and public service that helped transform Dubai into one of the world's safest cities.

dot image
To advertise here,contact us
dot image