എംഎല്‍എമാര്‍ കൂറുമാറുമോ? നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 20 പേര്‍, ആശങ്കയില്‍ മമത

ഭൂരിപക്ഷം എംഎൽഎമാരും വിട്ടുനിന്നതോടെ യോഗം മാറ്റിവെച്ചിരുന്നു

എംഎല്‍എമാര്‍ കൂറുമാറുമോ? നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 20 പേര്‍, ആശങ്കയില്‍ മമത
dot image

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വസതിയിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 20 എംഎൽഎമാർ. ഭൂരിപക്ഷം എംഎല്‍എമാരും വിട്ടുനിന്നതോടെ യോഗം മാറ്റിവെച്ചു. ഇതോടെ എംഎല്‍എമാർ കൂറുമാറുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

ഇക്കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിലാണ് ടിഎംസി വിജയിച്ചത്. തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിന് പിന്നാല നടന്ന യോഗത്തിൽ നിന്നാണ് ഭൂരിഭാഗം എംഎൽഎമാരും വിട്ടുനിന്നത്. നാലിൽ മൂന്ന് ഭാഗം എംഎൽഎമാരുടെയും അഭാവത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ ടിഎംസി വിശദീകരണവുമായി രംഗത്തെത്തി.

അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു ബാക്കിയുള്ള എംഎൽഎമാരെല്ലാം എന്നാണ് പാർട്ടി വക്തമാവ് കുനാൽ ഘോഷ് അറിയിച്ചത്. ഭൂരിപക്ഷം എംഎൽഎമാരും വിട്ടുനിന്നതോടെ യോഗം മാറ്റിവെച്ചിരുന്നു. മുതിർന്ന എംഎൽഎമാരുമായി മമത ബാനർജി ആശയവിനിമയം നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.

സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങൾ അടുത്ത 48 മണിക്കൂറിൽ കടുപ്പിക്കാൻ തീരുമാനിച്ചതായി മമത ബാനർജിയുടെ വസതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ കുനാൽ ഘോഷ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ബ്ലോക്ക് - വാർഡ് തലത്തില്‍ റാലികൾ നടത്തും. ചൊവ്വാഴ്ച ഒരു ദിവസം നീണ്ട കുത്തിയിരിപ്പ് പ്രതിഷേധവും സംഘടിപ്പിക്കും. സൈൻട്രൽ കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധത്തിന് മമത ബാനർജി നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

'മുന്നേ നിശ്ചയിച്ച പ്രകാരമാണ് യോഗം കൂടിയത്. എന്നാൽ എംപിക്ക് നേരെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായതിനെ തുടർന്ന് എംഎൽഎമാർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. മാത്രമല്ല പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്ക് നേരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അവരെ സഹായിക്കാനും പ്രാദേശിക തലത്തിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി എംഎൽഎമാർ തിരക്കിലാണ്', കുനാൽ ഘോഷ് വിശദീകരിച്ചു. യോഗം മാറ്റിവയ്ക്കാൻ എംഎൽഎമാർ ആവശ്യപ്പെട്ടെന്നും അതിനാലാണ് തത്കാലം യോഗം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യം മൂന്നു മണിക്ക് തന്നെ യോഗത്തിനെത്തിയ എംഎൽഎമാരുമായി മമത ബാനർജി അനൗദ്യോഗികമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: A Trinamool Congress legislative party meeting was attended by only 20 MLAs following reports of an attack on Abhishek

dot image
To advertise here,contact us
dot image