

പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണൻ ഒരുക്കിയ സിനിമ മലയാളത്തിലെ കൾട്ട് ക്ലാസിക് സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചിത്രം പുറത്തുവന്നു ഏഴ് വർഷം കഴിഞ്ഞിട്ടും മധു സി നാരായണന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് അദ്ദേഹം.
ചിത്രത്തിൽ നസ്‌ലെൻ ആണ് നായകനായി എത്തുന്നത്. ജൂലൈ അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ ആണ് പ്ലാൻ. റെക്സ് വിജയൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. അതിരടിക്ക് ശേഷം അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ അനന്ദു ആണ് ഈ ചിത്രം നിർമിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം ഉള്ള സിനിമയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ. ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ ആഷിക് അബുവിന്റെ സഹസംവിധായകനായാണ് മധു സി നാരായണൻ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്.
Planning to start rolling from July last 2026.
— AB George (@AbGeorge_) May 31, 2026
Music by Rex Vijayan ♥️🔥
Madhu C Narayan after #KumbalangiNights starring #Naslen 🔥 https://t.co/ySzTxpPHyy
2016ൽ പ്രദർശനത്തിനെത്തിയ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി. 2019 ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ കുമ്പളങ്ങി നൈറ്റ്സ് റിലീസ് ചെയ്തത്. കുമ്പളങ്ങിയുടെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് സ്വഭാവത്തിൽ കഥ പറഞ്ഞ സിനിമ പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം ഉൾപ്പടെ നാല് സംസ്ഥാന പുരസ്കാരങ്ങളും സിനിമ നേടിയിരുന്നു.
അതേസമയം, മോളിവുഡ് ടൈംസ് ആണ് ഇനി പുറത്തുവരാനുള്ള നസ്‌ലെൻ ചിത്രം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലെൻ എത്തുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് മോളിവുഡ് ടൈംസ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും സിനിമയിലുണ്ട്.
Content Highlights: After the acclaimed success of Kumbalangi Nights, director Madhu C Narayanan is reportedly gearing up for his next project. The film is expected to feature Naslen as the lead actor, with shooting scheduled to commence in July, generating excitement among Malayalam cinema fans.