
കാഫാ നേഷൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങി ഇന്ത്യ. ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മൂന്ന് മത്സരങ്ങളിലായി ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. നാല് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കുന്ന മത്സരത്തിൽ തജ്കിസ്താനെ ഇറാൻ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫിൽ കളിക്കാം. മത്സരം സമനിലയിലാകുകയോ തജ്കിസ്താൻ വിജയിക്കുകയോ ചെയ്താൽ ഇന്ത്യ പുറത്താകും.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 60 ശതമാനം പന്ത് തട്ടിയെങ്കിലും അഫ്ഗാന്റെ ഭാഗത്ത് നിന്നും അപകടകരമായ നീക്കങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിലും പന്തടക്കത്തിൽ അഫ്ഗാൻ തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ കഴിയാതിരുന്നത് മത്സരം സമനിലയിലാക്കി.
ഗ്രൂപ്പ് ബിയിൽ ആതിഥേയരായ തജ്കിസ്താനോട് ജയിച്ചാണ് ഇന്ത്യൻ ടൂർണമെന്റിന് തുടക്കമിട്ടത്. എന്നാൽ ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യൻ സംഘം പരാജയമേറ്റു വാങ്ങി. അഫ്ഗാനെതിരായ സമനിലയോടെ സെപ്റ്റംബർ എട്ടിന് നടക്കുന്ന മൂന്നാം സ്ഥാനത്തിനുള്ള മത്സരം കളിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ.
Content Highlights: CAFA Nations Cup 2025: IND vs AFG end in a 0-0 stalemate