
ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാൻ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിയെ തകർത്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാന്റെ വിജയം. മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടി.
ഇരു ടീമുകൾക്കും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്നു. ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാന്റെ പരിചയസമ്പത്തിന് മുന്നിൽ ഡയമണ്ട് ഹാർബർ അടിയറവ് പറയുകയായിരുന്നു.
സഹലിന്റെ പാസിൽ നിന്ന് അനിരുദ്ധ് ഥാപ്പ ആദ്യ ഗോൾ നേടി. എന്നാൽ ലൂക്കാ മയ്‌സെനിലൂടെ ഡയമണ്ട് ഹാർബർ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മക്ലാരൻ മോഹൻ ബഗാന് ലീഡ് നൽകി.
രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഡയമണ്ട് ഹാർബർ പത്തുപേരായി ചുരുങ്ങിയപ്പോൾ ലഭിച്ച പെനാൽറ്റി ലിസ്റ്റൺ കൊളാക്കോ അനായാസം വലയിലെത്തിച്ചു. പിന്നീട് സഹലും ജേസൺ കമ്മിംഗ്സും ഗോളുകൾ നേടി മോഹൻ ബഗാൻ വിജയം സ്വന്തമാക്കി.
Content Highlights: Durand Cup 2025: Mohun Bagan SG beats Diamond Harbour FC to enter quarterfinal