ഡീഗോ മൗറീഷ്യയുടെ പെനാൽറ്റി തടഞ്ഞ് സച്ചിൻ സുരേഷിന്റെ കിടിലൻ ഡബിൾ സേവ്

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും സച്ചിന്റെ കിടിലൻ സേവ് ഉണ്ടായി.

dot image

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി വീണ്ടും കിടിലൻ സേവ് നടത്തി ഗോൾകീപ്പർ സച്ചിൻ സുരേഷ്. മത്സരത്തിൽ 19-ാം മിനിറ്റിലാണ് മലയാളി താരം ആവേശകരമായ ഡബിൾ സേവ് നടത്തിയത്. എന്നാൽ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഒഡീഷ ഒരു ഗോളിന് മുന്നിലാണ്. 15-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഡീഗോ മൗറീഷ്യോയാണ് ആദ്യ ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിക്കയറിയ ഡീഗോ മൗറീഷ്യോ ആദ്യ ഗോളടിക്കുകയായിരുന്നു. ബ്രസീലിയൻ താരത്തെ തടയാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിന്റെ കൈയ്യിൽ നിന്നും പന്ത് വഴുതി വലയിലേക്കെത്തി.

19-ാം മിനിറ്റിൽ വീണ്ടും മുന്നിലെത്താനുള്ള അവസരം ഒഡീഷ എഫ്സി കളഞ്ഞുകുളിച്ചു. ഇസാക് റാൾട്ടെയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്വിക്ക് ഒഡീഷ ആദ്യം നശിപ്പിച്ചു. അഹമ്മദ് ജഹായുടെ കിക്ക് ക്രോസ്ബാറിൽ തട്ടി തിരികെ വന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ നവോച സിംഗ് പന്ത് കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചു. ഇതോടെ ഒഡീഷയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പക്ഷേ ഇത്തവണ സച്ചിൻ സുരേഷ് രക്ഷകനായി. ഡിഗോ മൗറീഷ്യയുടെ പെനാൽറ്റിയും പിന്നാലെ ഇസാക് റാൾട്ടെയുടെ ഗോൾശ്രമവും ഡബിൾ സേവിലൂടെ സച്ചിൻ രക്ഷപെടുത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും സച്ചിന്റെ കിടിലൻ സേവ് ഉണ്ടായി. ഡീഗോ മൗറീഷ്യയ്ക്ക് സച്ചിനെ മാത്രമാണ് മുന്നിൽകിട്ടിയത്. സച്ചിന്റെ സേവിന് പിന്നാലെ റഫറി ഓഫ്സൈഡ് ഫ്ലാഗും ഉയർത്തി. മത്സരത്തിൽ പിന്നിലായ ശേഷം സമനില ഗോൾ കണ്ടെത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷേ അഡ്രിയാൻ ലൂണയെയും സംഘത്തെയും ഒഡീഷ താരങ്ങൾ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ ഇരുടീമുകളും ഏകദേശം തുല്യത പാലിച്ചു.

dot image
To advertise here,contact us
dot image