

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ മറ്റൊരു സുപ്രധാന കരാറിൽ കൂടി ഒപ്പുവെച്ചു. ചുരുങ്ങിയ കാലം ഇന്ത്യയിലേക്കും സൗദിയിലേക്കും യാത്ര ചെയ്യുന്ന നിർദ്ദിഷ്ട പാസ്പോർട്ട് ഉപഭോക്താക്കൾക്ക് വിസ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കും. വിസ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
ഇരുരാജ്യങ്ങളിലെയും നയതന്ത്ര, സ്പെഷ്യൽ (സർക്കാരിന്റെ ഉയർന്ന ഉദ്യോഗസ്ഥർ), ഔദ്യോഗിക പാസ്പോർട്ടുകളുള്ളവർക്ക് വിസയില്ലാതെ തന്നെ സൗദിയിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാം. റിയാദിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഈ മാറ്റം ഔദ്യോഗികമായി അംഗീകരിച്ചത്. സൗദി അറേബ്യക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുൾ മജീദ് അൽ-സ്മാരിയും ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും കരാറിൽ ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ കരാറെന്ന് വിലയിരുത്തപ്പെടുന്നു. ഗവൺമെന്റ് പ്രതിനിധികൾക്കും നയതന്ത്രജ്ഞർക്കും സർക്കാർ സന്ദേശങ്ങളുമായി ഔദ്യോഗിക യാത്രകൾ നടത്തുന്നവർക്കും നിയമം കൂടുതൽ ഗുണം ചെയ്യും. ഇന്ത്യയും സൗദിയും തമ്മിൽ വളർന്നുവരുന്ന വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പ്രതിഫലനം കൂടിയാണിത്.
ഈ വിഭാഗങ്ങളിൽപ്പെട്ട പാസ്‌പോർട്ടുകൾ ഉള്ളവർക്ക് മുൻകൂട്ടി വിസക്ക് അപേക്ഷിക്കാതെ തന്നെ ഹ്രസ്വകാലത്തേക്ക് ഇരുരാജ്യങ്ങളിലും പ്രവേശിക്കാൻ ഇനി സാധിക്കും. ഇത് ഔദ്യോഗിക ആവശ്യങ്ങൾക്കും നയതന്ത്രപരമായ ഇടപെടലുകൾക്കുമുള്ള യാത്രകൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കും.
സാധാരണ യാത്രക്കാർക്ക് (ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസ പോലുള്ളവ) ഇപ്പോഴും വിസ ആവശ്യമാണെങ്കിലും ഭാവിയിൽ യാത്രകൾ കൂടുതൽ എളുപ്പമാകും. ഇത്തരം നീക്കങ്ങൾ പലപ്പോഴും ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ നയപരമായ സംവാദങ്ങൾക്കും പിൽക്കാലത്ത് വിപുലമായ യാത്രാ സഹകരണത്തിനും വഴിയൊരുക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Content Highlights: Saudi-India deal allows officials short-term stay without visa